വെന്റിലേറ്ററില്‍ നിന്ന് പുതുജീവന്‍ നല്‍കിയത് മാണി സാര്‍; ജോസഫിന് മറുപടിയുമായി ജോസ് കെ മാണി

കോട്ടയം: തന്റെ ചെയര്‍മാന്‍ സ്ഥാനത്തിനെതിരെ പരിഹാസമുന്നയിച്ച പി ജെ ജോസഫിന് മറുപടിയുമായി ജോസ് കെ മാണി. ജോസ് കെ മാണിയുടെ ചെയര്‍മാന്‍ സ്ഥാനം മരണ കിടക്കയിലാണ്. കോടതി വിധി വന്നതിന് ശേഷം ചെയര്‍മാന്‍ സ്ഥാനം വെന്റിലേറ്ററിലായെന്നുമായിരുന്നു പി ജെ ജോസഫിന്റെ പരിഹാസം. രാഷ്ട്രീയ ജീവിതത്തില്‍ പലവട്ടം വെന്റിലേറ്ററിലായിരുന്ന പി ജെ ജോസഫിന് പുതുജീവന്‍ നല്‍കി രക്ഷിച്ചത് കെ എം മാണി സാറാണെന്ന കാര്യം മറക്കരുതെന്ന് ജോസ് കെ മാണി മറുപടി പറഞ്ഞു.

ഓരോ ദിവസം കഴിയുംതോറും പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടെയില്ല എന്ന് തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന വിഭ്രാന്തി കാരണമാണോ ജോസഫിന്റെ ഇത്തരം പ്രസ്താവനകളെന്ന് ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫ് നാളെ ജോസ് കെ മാണിയുമായി സമവായ ചര്‍ച്ച നടത്താനിരിക്കാനിരിക്കേയായിരുന്നു പി ജെ ജോസഫിന്റെ പരിഹാസം.

ജോസ് കെ മാണിക്കെതിരെ നേരത്തെയും പി.ജെ ജോസഫ് വിമര്‍ശനം ഉന്നയിച്ചിരുന്നു. യോഗം വിളിക്കാന്‍ അധികാരമില്ലാത്തയാളാണ് യോഗം വിളിച്ചതെന്നും ആള്‍മാറാട്ടം നടത്തിയാണ് സംസ്ഥാന കമ്മിറ്റി ചേര്‍ന്നതെന്നും പി.ജെ. ജോസഫ് നേരത്തെ ആരോപിച്ചിരുന്നു. നിയമാനുസൃതമല്ലാത്ത യോഗത്തിലെ തീരുമാനം കോടതി സ്റ്റേ ചെയ്തതാണെന്നും ജോസ് കെ. മാണി ചെയര്‍മാനായി പ്രവര്‍ത്തിക്കരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top