കാര്‍ഷിക ബില്‍; പാര്‍ലമെന്റില്‍ ഇടത് അംഗങ്ങള്‍ക്കൊപ്പം പ്രതിഷേധിച്ച് ജോസ് കെ മാണി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ഇടതുപക്ഷ അംഗങ്ങള്‍ക്കൊപ്പം കാര്‍ഷിക ബില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത് ജോസ് കെ മാണി. സിപിഎം, സിപിഐ അംഗങ്ങളാണ് പ്രതിഷേധ ധര്‍ണ നടത്തിയത്. ബിനോയ് വിശ്വവും പ്രതിഷേധത്തില്‍ പങ്കെടുത്തു.

അതേസമയം, ഇന്ന് തൊഴില്‍ ബില്ലിന് പിന്നാലെ ജമ്മു കശ്മീര്‍ ഔദ്യോഗികഭാഷാ ബില്‍ കൂടി പാസാക്കി. പിന്നാലെ രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. സഭയില്‍ നടന്ന ചില സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് നടപടികള്‍ അവസാനിപ്പിച്ചു കൊണ്ട് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു. പാര്‍ലമെന്റിന്റെ അന്തസ്സ് ഉയര്‍ത്തി പിടിക്കാനാണ് അംഗങ്ങള്‍ക്കെതിരെ നടപടി എടുത്തത്. ബഹിഷ്‌ക്കരണത്തിലൂടെ ബില്ലുകള്‍ തടുക്കാന്‍ ആരെയും അനുവദിക്കാനാവില്ല.

പ്രതിഷേധിക്കാന്‍ എല്ലാ അംഗങ്ങള്‍ക്കും അവകാശമുണ്ടെന്നും എന്നാല്‍ അതു പരിധിവിടാതെ നോക്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. നിശ്ചയിച്ചതിലും എട്ട് ദിവസം ബാക്കി നില്‍ക്കേയാണ് പാര്‍ലമെന്റ് സമ്മേളനം വെട്ടിചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

Top