ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടിക്ക് സ്റ്റേ

കോട്ടയം: ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടിയില്‍ സ്റ്റേ. തൊടുപുഴ മുന്‍സിഫ് കോടതിയാണ് നടപടി സ്റ്റേ ചെയ്തത്. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെയാണ് സ്റ്റേ. ജോസഫ് വിഭാഗം നേതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ അനുവദിച്ചത്.

ചെയര്‍മാനെ തെരഞ്ഞെടുത്തതിനും ജോസ് കെ. മാണി തല്‍സ്ഥാനത്ത് തുടരുന്നതിനുമാണ് കോടതിയുടെ സ്റ്റേ. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് സ്റ്റീഫര്‍, മനോഹരന്‍ നടുവിലത്ത് എന്നിവരാണ് ഹര്‍ജിനല്‍കിയത്. ചെയര്‍മാന്റെ അഭാവത്തില്‍ വര്‍ക്കിംഗ് ചെയര്‍മാനായിരിക്കും സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കാനുള്ള അധികാരമെന്ന് കോടതി വിലയിരുത്തി.

കഴിഞ്ഞ ദിവസം നടന്ന കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗത്തിലാണ് ജോസ് കെ മാണിയെ ചെയര്‍മാനായി നിശ്ചയിച്ചത്. മുതിര്‍ന്ന നേതാക്കളുടെ അഭാവത്തിലായിരുന്നു യോഗം ചേര്‍ന്നത്. അഞ്ച് മിനിട്ട് മാത്രം നീണ്ടു നിന്ന തെരഞ്ഞെടുപ്പില്‍ 437 പേരില്‍ 325 പേരും പങ്കെടുത്തു. തെരഞ്ഞെടുപ്പിന് പിന്നാലെ പാര്‍ട്ടി പിളര്‍ന്നുവെന്നുള്ള സൂചനകളും പുറത്തുവന്നു. പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തീരുമാനിക്കാന്‍ കേരള കോണ്‍ഗ്രസ് എം നേരത്തെ സ്പീക്കറോട് സാവകാശം തേടിയിരുന്നു.

Top