ജോസ് വിഭാഗം ഇനി ഇടതു പാളയത്തില്‍; എംപി സ്ഥാനം രാജിവെയ്ക്കും

കോട്ടയം: നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫില്‍ ചേര്‍ന്നു. പാലായിലെ ജോസ് കെ മാണിയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷമാണ് മുന്നണി പ്രവേശനം ജോസ് കെ മാണി പ്രഖ്യാപിച്ചത്. തോമസ് ചാഴിക്കാടന്‍, റോഷി അഗസ്റ്റിന്‍, എന്‍ ജയരാജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് പ്രഖ്യാപനം.

ആത്മാഭിമാനം അടിയറവ് വച്ച് മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും ജോസ് കെ മാണി പറഞ്ഞു. പി.ജെ.ജോസഫ് നീചമായ വ്യക്തിഹത്യ ചെയ്തു. 38 വര്‍ഷം യുഡിഎഫിന്റെ ഉയര്‍ച്ചയിലും താഴ്ച്ചയിലും കെ.എം.മാണി ഭാഗമായിരുന്നു. മാണിയുടെ രാഷ്ട്രീയത്തേയും ഒപ്പം നിന്നവരെയും യുഡിഎഫ് അപമാനിച്ചുവെന്നും ജോസ് കെ. മാണി പറഞ്ഞു

ഉടനെ നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കേണ്ട സീറ്റുകളുടെ കാര്യത്തില്‍ ജോസ് വിഭാഗവും ഇടതുമുന്നണിയും തമ്മില്‍ ധാരണയായി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ 12 സീറ്റുകള്‍ ജോസ് കെ മാണി വിഭാഗത്ത് വിട്ടു തരാന്‍ എല്‍ഡിഎഫ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. കോട്ടയം ജില്ലയില്‍ മാത്രം അഞ്ച് സീറ്റുകള്‍ എല്‍ഡിഎഫ് ജോസ് വിഭാഗത്തിന് വിട്ടു നല്‍കും. കാഞ്ഞിരപ്പള്ളിയും പാലായും അടക്കമുള്ള സീറ്റുകള്‍ വിട്ടു തരും എന്നാണ് എല്‍ഡിഎഫിന്റെ വാഗ്ദാനം. തദ്ദേശ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ യുഡിഎഫിന്റെ ഭാഗമായി മത്സരിച്ച സീറ്റുകളും ജോസ് പക്ഷത്തിന് തന്നെ നല്‍കാം എന്നു എല്‍ഡിഎഫ് നേതൃത്വം ഉറപ്പു നല്‍കിയിട്ടുണ്ട്.

Top