ജോസ് കെ മാണി ലീഗിന്റെയും ഉറക്കം കെടുത്തുന്നു, നേതാക്കള്‍ ആശങ്കയില്‍

ജോസ് കെ മാണി വിഭാഗം മുന്നണി വിട്ടത് മുസ്ലീം ലീഗിലും ഭിന്നതയ്ക്ക് കാരണമാകുന്നു. എം.കെ മുനീറിനും കുഞ്ഞാലിക്കുട്ടിക്കും വിഷയത്തില്‍ കൃത്യമായി ഇടപെടാന്‍ കഴിഞ്ഞില്ലെന്നാണ് വിമര്‍ശനം. ജോസ് വിഭാഗമില്ലാതെ എങ്ങനെ യു.ഡി.എഫിന് ഭരണം കിട്ടുമെന്നതാണ് ലീഗിലെ ഒരു വിഭാഗം ഉയര്‍ത്തുന്ന ചോദ്യം. ഈ ചോദ്യത്തിന് വ്യക്തമായ മറുപടി സാക്ഷാല്‍ കുഞ്ഞാലിക്കുട്ടിക്ക് പോലും ഇപ്പോഴില്ല. സമനില തെറ്റിയവനെ പോലെ പ്രതികരിക്കുന്ന ജോസഫില്‍ യു.ഡി.എഫിലെ രണ്ടാമത്തെ കക്ഷിക്ക് പോലും വിശ്വാസമില്ലെന്നതാണ് നിലവിലെ സ്ഥിതി.

ജോസ്.കെ മാണി മുന്നണി വിടുമ്പോള്‍ നല്ലൊരു വിഭാഗം ജോസഫിനൊപ്പം നില്‍ക്കുമെന്നാണ് ലീഗ് നേതൃത്വവും കരുതിയിരുന്നത്. അതാണിപ്പോള്‍ പിഴച്ചിരിക്കുന്നത്. ജോസഫ് ഗ്രൂപ്പില്‍ ഇതിനകം തന്നെ ഉണ്ടായിട്ടുള്ള അധികാര തര്‍ക്കവും യു.ഡി.എഫിന് തന്നെയാണ് പാരയാകുന്നത്. 15 നിയമസഭ സീറ്റുകള്‍ കിട്ടണമെന്നതാണ് ജോസഫിന്റെ ആവശ്യം. എന്നാല്‍ 6 സീറ്റേ നല്‍കൂ എന്നതാണ് കോണ്‍ഗ്രസ്സ് നിലപാട്. ആറ് സീറ്റു കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നാല്‍ ജോസഫ് ഗ്രൂപ്പിലാണ് പൊട്ടിത്തെറിയുണ്ടാകുക. ജോസഫിന് തൊടുപുഴ ഒഴികെ മറ്റെവിടെയും സ്വാധീനമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കേരള കോണ്‍ഗ്രസ്സ് തങ്ങളുടേതാണെന്ന നിലപാടും വിലപ്പോവുകയില്ല.

ഭൂരിപക്ഷത്തെ ഒപ്പം നിര്‍ത്തി തന്നെയാണ് ജോസ് കെ മാണി ഇടതുപക്ഷത്ത് എത്തിയിരിക്കുന്നത്. 12 സീറ്റെങ്കിലും ജോസ് വിഭാഗത്തിന് ഇടതുപക്ഷം നല്‍കാനാണ് സാധ്യത. ഇക്കാര്യത്തില്‍ ഘടക കക്ഷികള്‍ എതിര്‍ത്താലും സി.പി.എം വകവച്ച് കൊടുക്കുകയുമില്ല. ജനസ്വാധീനമുള്ള ഒരു ഘടക കക്ഷിയെയാണ് സി.പി.എമ്മിനിപ്പോള്‍ ലഭിച്ചിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ 100ല്‍ അധികം സീറ്റുകളിലാണ് ഇടതുപക്ഷം വിജയം പ്രതീക്ഷിക്കുന്നത്. 2016-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ 28 സിറ്റിങ് സീറ്റുകളാണ് ഇടതുപക്ഷം പിടിച്ചെടുത്തിരുന്നത്. മറുവശത്ത് ഇടതുപക്ഷത്തിന്റെ കൈയിലുണ്ടായിരുന്ന നാല് സീറ്റ് യു.ഡി.എഫും തിരികെ പിടിക്കുകയുണ്ടായി.

നെയ്യാറ്റിന്‍കരയില്‍ സെല്‍വരാജിനെയും ഇരവിപുരത്ത് എ.എ അസീസിനെയും വീഴ്ത്തിയാണ് സി.പി.എം മധുരപ്രതികാരം ചെയ്തിരുന്നത്. ഇതു കൂടി ചേര്‍ത്താല്‍ ഇടതുപക്ഷം തിരിച്ചു പിടിച്ച സീറ്റുകള്‍ 30 ആണ്. യു.ഡി.എഫിന് കൈയില്‍ നിന്ന് പോയ സീറ്റുകളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസിന്റേതാണ്. 40 കോണ്‍ഗ്രസ് സിറ്റിങ് എം.എല്‍.എമാരില്‍ 22 പേരും പരാജയപ്പെടുകയുണ്ടായി. പൂഞ്ഞാര്‍ കൂടി ചേര്‍ത്താല്‍ മാണി കോണ്‍ഗ്രസിന് പോയത് മൂന്നു സിറ്റിങ് സീറ്റുകളാണ്. മുസ്ലിം ലീഗിന് കൈയിലുണ്ടായിരുന്ന കൊടുവള്ളിയും, തിരുവമ്പാടിയും, താനൂരും കൈയില്‍ നിന്നും നഷ്ടമായപ്പോള്‍ കുറ്റ്യാടി അവര്‍ക്ക് തിരിച്ചുപിടിക്കാന്‍ കഴിഞ്ഞിരുന്നു.

ചേരിമാറിയെങ്കിലും തന്റെ ജനപിന്തുണയില്‍ കുറവില്ലെന്ന് തെളിയിച്ച് ഗണേഷ്‌കുമാര്‍ പത്തനാപുരത്ത് വീണ്ടും വിജയിക്കുകയുണ്ടായി. തിരുവനന്തപുരത്ത് ആറും, തൃശൂരില്‍ അഞ്ചും സീറ്റുകളാണ് യു.ഡി.എഫില്‍ നിന്നും എല്‍.ഡി.എഫിലേക്ക് പോയിരുന്നത്. തൃശൂരില്‍ ഒന്നും തിരിച്ചുപിടിക്കാന്‍ പോലും ശേഷിയില്ലാതിരുന്ന കോണ്‍ഗ്രസിന് വടക്കാഞ്ചേരി കേവലം 43 വോട്ടിനാണ് നിലനിര്‍ത്താനായത്. വര്‍ക്കലയില്‍ വര്‍ക്കല കഹാറും, നെടുമങ്ങാട്ട് ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയും അട്ടിമറിക്കപ്പെട്ടു.

ഇതുകൂടാതെ കഴക്കൂട്ടത്ത് സിറ്റിങ് എം.എല്‍.എയായിരുന്ന വാഹിദ് മൂന്നാം സ്ഥാനത്താവുകയും ചെയ്തു. നാടാര്‍ സമൂഹം കോണ്‍ഗ്രസിനെ കൈവിട്ടതോടെ കാട്ടാക്കടയില്‍ സ്പീക്കര്‍ എന്‍.ശക്തനും, നെയ്യാറ്റിന്‍കരയില്‍ സെല്‍വരാജും, പാറശാലയില്‍ എ.ടി ജോര്‍ജും തിരിച്ചടി നേരിട്ടു. തിരുവനന്തപുരം ജില്ലയില്‍ കോവളത്ത് മാത്രമാണ് യു.ഡി.എഫിന്റെ തിരിച്ചുവരവുണ്ടായത്. ബി.ഡി.ജെ.എസ് സാന്നിധ്യമാണ് ഇവിടെ എല്‍.ഡി.എഫിന് വിനയായിരുന്നത്. കൊല്ലത്ത് സമ്പൂര്‍ണ തോല്‍വിയാണ് യു.ഡി.എഫിനുണ്ടായത്. പത്തനംതിട്ടയില്‍ കൈവശമുണ്ടായിരുന്ന ആറന്മുളയും, ആലപ്പുഴയിലുണ്ടായിരുന്ന ചെങ്ങന്നൂരും ഇടതുപക്ഷം പിടിച്ചെടുത്തു. എറണാകുളത്ത് കൊച്ചി, കോതമംഗലം, മൂവാറ്റുപുഴ, തൃപ്പൂണിത്തുറ സീറ്റുകള്‍ എല്‍.ഡി.എഫ് അക്കൗണ്ടിലെത്തിയപ്പോള്‍ കൈവശമുണ്ടായിരുന്ന അങ്കമാലിയും പെരുമ്പാവൂരിലുമാണ് യു.ഡി.എഫിന് വിജയിക്കാന്‍ കഴിഞ്ഞിരുന്നത്.

പാലക്കാട് ജില്ലയില്‍ അച്യതന്റെ ചിറ്റൂരും സി.പി മുഹമ്മദിന്റെ പട്ടാമ്പിയും യു.ഡി.എഫിന് നഷ്ടമായി. മലപ്പുറത്ത് ആര്യാടന്റെ നിലമ്പൂരും രണ്ടത്താണിയുടെ താനൂരും രണ്ട് സ്വതന്ത്രരിലൂടെയാണ് ഇടതുപക്ഷം പിടിച്ചെടുത്തത്. കോഴിക്കോട് ജില്ലയില്‍ ലീഗിന്റെ കൊടുവള്ളിയും, തിരുവമ്പാടിയും ഇടതുപക്ഷത്ത് എത്തിയപ്പോള്‍ കുറ്റ്യാടിയാണ് ലീഗിന് ആശ്വാസമായത്. വയനാട്ടില്‍ മൂന്നില്‍ മൂന്നും നേടിയ യു.ഡി.എഫിന് കഴിഞ്ഞ തവണത്തെ വിജയം സുല്‍ത്താന്‍ബത്തേരിയില്‍ മാത്രമായി ഒതുങ്ങി. കല്‍പ്പറ്റയും മാനന്തവാടിയും ഇടതുപക്ഷമാണ് പിടിച്ചെടുത്തിരുന്നത്.

കണ്ണൂരില്‍ എക്കാലവും കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായ കണ്ണൂര്‍ മണ്ഡലം കടന്നപ്പള്ളിയിലൂടെ പിടിച്ചെടുത്തപ്പോള്‍ കൂത്തുപറമ്പില്‍ മന്ത്രി കെ.പി മോഹനനെ തോല്‍പിച്ച് ശൈലജ ടീച്ചര്‍ മിന്നുന്ന വിജയമാണ് നേടിയത്. കേരളത്തില്‍ ഇതാദ്യമായി താമര വിരിഞ്ഞതും കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ്. ഇത്തവണ ഈ സീറ്റ് നിലനിര്‍ത്തേണ്ടത് ബി.ജെ.പിയുടെ അഭിമാന പ്രശ്‌നമാണ്. ശക്തമായ ത്രികോണ മത്സരത്തില്‍ ഒരിക്കല്‍ കൂടി യു.ഡി.എഫിന് ചുവട് പിഴച്ചാല്‍ അത് കോണ്‍ഗ്രസ്സിന്റെ മാത്രമല്ല മുസ്ലീം ലീഗിന്റെ കൂടി നിലനില്‍പ്പാണ് അവതാളത്തിലാക്കുക.

Top