ദ്വീപ് നിവാസികളായ സഹോദരങ്ങള്‍ക്ക് ഐക്യാര്‍ഢ്യം പ്രഖ്യാപിച്ച് ജോസ് കെ മാണി

കൊച്ചി: ലക്ഷദ്വീപിലെ ജനസമൂഹത്തിന്റെ സമാധാനവും സ്വാതന്ത്യവും ദ്വീപിന്റെ സ്വസ്ഥതയും തകര്‍ക്കുന്ന നടപടികളെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ അത്യന്തം ആശങ്കയോടെയാണ് കാണുന്നതെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി. ദ്വീപ് ഭരണാധികാരിയുടെ ഓരോ നടപടികളും അത്യന്തം ആശങ്കയോടെയാണ് ഇവിടുത്തെ ജനത കാണുന്നതെന്നും ജോസ് കെ മാണി ഫേസ്ബുക്കില്‍ കുറിച്ചു.

തികച്ചും ജനാധിപത്യവിരുദ്ധ ഭരണ നടപടികളുമായി മുന്നോട്ടു പോകുന്ന അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണം. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ലക്ഷദ്വീപിലെ ജനസമൂഹത്തിന്റെ സമാധാനവും സ്വാതന്ത്യവും ദ്വീപിന്റെ സ്വസ്ഥതയും തകര്‍ക്കുന്ന നടപടികളെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ അത്യന്തം ആശങ്കയോടെയാണ് കാണുന്നത്.
നാളിതുവരെയായി ശാന്തിയുടെ കൂടീരമായിരുന്നു അലകടലിന്റെ അഴകായദ്വീപ്. ഫെബ്രുവരി മുതലാണ് ഇവിടെ അശാന്തി വലയം ചെയ്തു തുടങ്ങിയത്. പുതിയ ദ്വീപ് ഭരണാധികാരിയുടെ ഓരോ നടപടികളും സമാധാനപ്രിയരായ ജനത അതീവ ആശങ്കയോടെയാണ് കാണുന്നത്. ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിക്കുറയ്ക്കുകയും മദ്യവിരുദ്ധ മേഖലയായ ഇവിടെ അതിന് അനുവാദം നല്‍കുകയും ചെയ്തത് ആസൂത്രിതമായ ചില നീക്കങ്ങളുടെ ഭാഗമാണെന്ന് തന്നെയാണ് വിമര്‍ശനം. നീതീ ന്യായ വ്യവസ്ഥയെ പോലും അട്ടിമറിക്കുന്നു. നിയമ സംവിധാനം കാറ്റില്‍ പറത്തുന്നു.
കുറ്റകൃത്യം താരതമ്യനെ തീരെ കുറഞ്ഞ ഇവിടെ ഗുണ്ട ആക്ട് നടപ്പാക്കുന്നു. പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ വന്‍കിട റോഡ് പദ്ധതിക്ക് പരിപാടിയിടുന്നു. ഇതെല്ലാം അജണ്ട വ്യക്തമാക്കുന്നതാണ്
ദ്വീപില്‍ സമാധാനവും ശാന്തിയും പുലരണം. മൗലികാവകാശവും മനുഷ്യാവകാശവും ധ്വംസിക്കുന്ന ഏകാധിപത്യപരമായ നടപടികള്‍ അംഗീകരിക്കാനാവില്ല. അതു ജനാധിപത്യവാഴ്ച്ചക്ക് ഭൂഷണമല്ല.
നമ്മുടെ അയല്‍ ദ്വീപ സമൂഹത്തിലെ ഇത്തരം ഏകാധിപത്യ പ്രവണതകള്‍ ചെറുത്തു തോല്‍പ്പിക്കണം. തികച്ചും ജനാധിപത്യവിരുദ്ധ ഭരണ നടപടികളുമായി മുന്നോട്ടു പോകുന്ന അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണം. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടന്‍ നടപടിയെടുക്കണം. ദ്വീപ് നിവാസികളായ പ്രിയ സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം
പോരാട്ടത്തിന് പിന്തുണ

 

 

Top