ജോസ് കെ.മാണി രാജ്യസഭ സ്ഥാനാർത്ഥി, കോട്ടയത്ത് ഇനി ഇടതുപക്ഷത്തിന് ‘ലോട്ടറി’ അടിക്കും

കോട്ടയം: ജോസ്.കെ.മാണിയെ രാജ്യസഭ സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ്സ് തീരുമാനിച്ചതോടെ കോട്ടയം സീറ്റിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങും.

ജോസ് കെ. മാണി ഉടൻ തന്നെ ലോക് സഭാ അംഗത്വം രാജിവയ്ക്കും. ഈ സാഹചര്യത്തിൽ 2019- ലെ ലോക്സഭ തെരെഞ്ഞെടുപ്പിന് മുൻപ് ഉപതിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.

തെരെഞ്ഞെടുപ്പ് കമ്മിഷൻ അത്തരമൊരു തീരുമാനമെടുത്താൽ അത് യു.ഡി.എഫിന് വലിയ വെല്ലുവിളിയാകും.

കോൺഗ്രസ്സ് പ്രവർത്തകരുടെ മാണിയോടുള്ള പ്രതിഷേധം ലോക്സഭ തെരെഞ്ഞെടുപ്പിലും അണപൊട്ടി ഒഴികിയാൽ ചുവപ്പ് പതാക കോട്ടയത്ത് പാറും.

മുൻപ് പലവട്ടം സുരേഷ് കുറുപ്പ് ചെങ്കൊടി പാറിച്ച കോട്ടയം ഒരിക്കൽ കൂടി ചുവപ്പിക്കാനുള്ള സാഹചര്യമാണ് ഇപ്പോൾ കേരള കോൺഗ്രസ്സ് ഉണ്ടാക്കിയിരിക്കുന്നത്. രാജ്യസഭ സീറ്റ് മാണികോൺഗ്രസ്സിന് കൊടുത്തതിനെതിരെ കോൺഗ്രസ്സിൽ കലാപം തുടരുകയാണ്.

മാണിക്കോ ജോസ് കെ മാണിക്കോ അല്ലാതെ രാജ്യസഭ സീറ്റ് നൽകുന്നുവെങ്കിൽ തങ്ങളുടെ നിലപാട് കൂടി പരിഗണിക്കണമെന്ന് പി.ജെ.ജോസഫും മോൻസ് ജോസഫും നിലപാട് സ്വീകരിച്ചതോടെയാണ് ജോസ്.കെ.മാണിക്ക് നറുക്ക് വീണത്.

Top