പിജെ ജോസഫിന് ചിഹ്നം നല്‍കാനുള്ള അനുമതി മരവിപ്പിക്കണമെന്ന പരാതി പിന്‍വലിച്ച് ജോസ് കെ മാണി വിഭാഗം

ചിഹ്നം പി ജെ ജോസഫിന് നല്‍കാനുള്ള അനുമതി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതി പിന്‍വലിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജോസ് വിഭാഗം പരാതി പിന്‍വലിച്ചത്.

എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും തിരിച്ചടിയുണ്ടാകുമെന്ന് ഭയപ്പെട്ടാണ് ജോസ് കെ മാണി പിന്മാറിയതെന്നാണ് ജോസഫ് വിഭാഗത്തിന്റെ പരിഹാസം. അകലക്കുന്നം ഉപതെരഞ്ഞെടുപ്പില്‍ ചിഹ്നം അനുവദിക്കുന്നതിനുള്ള അധികാരം പി ജെ ജോസഫിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിരുന്നു.

ഇതിനെതിരെയാണ് ജോസ് പക്ഷം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. എന്നാല്‍ കഴിഞ്ഞ ദിവസം പരാതി അപ്രതീക്ഷിതമായി ജോസ് വിഭാഗം പിന്‍വലിച്ചു. വിപ്പ് തര്‍ക്കം രൂക്ഷമായതോടെ ഇക്കാര്യവും കൂടി ചര്‍ച്ചയാക്കാനാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം.

Top