പാലായില്‍ ജോസ് കെ മാണി, ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനായി കേരള കോണ്‍ഗ്രസില്‍ പാലായില്‍ ജോസ് കെ മാണിയും ഇടുക്കിയില്‍ റോഷി അഗസ്റ്റിനും മത്സരിക്കും. കടുത്തുരുത്തി സീറ്റിലേക്ക് അഞ്ച് പേരെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്. പത്ത് സീറ്റിലേക്കാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്.

ഓരോ മണ്ഡലത്തിലേയും മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരുമായി മൂന്നംഗ സമിതി ചര്‍ച്ച നടത്തിയാണ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുന്നത്. ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്ജ് അലക്‌സ് കോഴിമല, വിപി ജോസഫ് എന്നിവരാണ് കോട്ടയത്തെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിലെ ചര്‍ച്ചകള്‍ നേതൃത്വം നല്‍കുന്നത്.

പാലായും ഇടുക്കിയും കൂടാതെ കാഞ്ഞിരപ്പള്ളിയില്‍ ഡോ. എന്‍ ജയരാജ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിട്ടുണ്ട്. പിജെ ജോസഫിന്റെ വിശ്വസ്തനായ മോന്‍സ് ജോസഫിനെതിരെ കടുത്തുരുത്തിയില്‍ സ്റ്റീഫന്‍ ജോര്‍ജ്ജ്, സഖറിയാസ് കുതിരവേലി, സിറിയക് ചാഴികാടന്‍, നിര്‍മ്മല ജിമ്മി എന്നിവരെ പരിഗണിക്കുന്നു.

പൂഞ്ഞാറില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ മത്സരിക്കാനിറങ്ങിയേക്കും, ചങ്ങനാശേരിയില്‍ ജോബ് മൈക്കിളും പിറവത്ത് ജില്‍സ് പെരിയപുറവും, തൊടുപുഴയില്‍ പിജെ ജോസഫിനെതിരെ കെഐ ആന്റണിയും മത്സരിച്ചേക്കും. മലബാറില്‍ പാര്‍ട്ടിക്ക് കിട്ടിയ കുറ്റ്യാടി സീറ്റില്‍ മുഹമ്മദ് ഇഖ്ബാല്‍ മത്സരിക്കും.

 

 

Top