ജോസ് കെ മാണി വിശ്വാസവഞ്ചന കാണിച്ചു, കുട്ടനാട് സീറ്റ് ജോസഫിന്; ചെന്നിത്തല

തിരുവനന്തപുരം: കുട്ടനാട്ടില്‍ പിജെ ജോസഫ് വിഭാഗത്തിന് സ്ഥാനാര്‍ത്ഥിത്വം നല്‍കി യുഡിഎഫ് യോഗം. ജോസ് കെ മാണി വിഭാഗവുമായി കൂടുതല്‍ ചര്‍ച്ചകളുടെ ആവശ്യമില്ലെന്നാണ് യോഗത്തിന്റെ പൊതുനയം. ജോസ് വിഭാഗത്തെ ഇന്നത്തെ യോഗത്തിലേക്ക് വിളിച്ചില്ലെന്ന് യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കെ എം മാണി യുഡിഎഫിന്റെ മഹാനായ നേതാവാണ്. എന്നും യുഡിഎഫിനൊപ്പം നില്‍ക്കാന്‍ കെഎം മാണി ആഗ്രഹിച്ചിരുന്നു. എന്നാല്‍ ജോസ് കെ മാണി വിശ്വാസ വഞ്ചന കാണിച്ചെന്നും അച്ചടക്കം മുന്നണി സംവിധാനത്തിന് അനിവാര്യമാണെന്നും രമേശ് ചെന്നിത്തല വിശദീകരിച്ചു.

കുട്ടനാട്ടില്‍ ജേക്കബ് എബ്രഹാം തന്നെ സ്ഥാനാര്‍ത്ഥിയെന്ന് പിജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണിയോടുള്ള നിലപാട് പുനഃപരിശോധിക്കില്ലെന്ന് യുഡിഎഫ് യോഗം കഴിഞ്ഞിറങ്ങിയ പിജെ ജോസഫ് പ്രതികരിച്ചിരുന്നു. വെര്‍ച്വല്‍ യുഡിഎഫ് യോഗമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പിജെ ജോസഫ് അടക്കമുള്ള നേതാക്കള്‍ നേരിട്ട് കണ്‍ഡോണ്‍മെന്റ് ഹൗസിലെത്തിയാണ് യോഗത്തില്‍ പങ്കെടുത്തത്.

ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയോട് അടുത്ത് കഴിഞ്ഞെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്. യുഡിഎഫ് പുറത്താക്കിയത് അല്ല അവര്‍ സ്വയം പുറത്തു പോയതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും മുന്നണി യോഗത്തില്‍ ധാരണയായിട്ടുണ്ട്. വോട്ട് വാങ്ങി എംപിയും എംഎല്‍എയുമായ ജോസ് വിഭാഗം യു ഡി എഫിനൊപ്പം നില്‍ക്കണമായിരുന്നു. അതിന് പകരം മുന്നണിയെ വഞ്ചിക്കുകയാണ് ജോസ് കെ മാണി ചെയ്തതെന്നും വിലയിരുത്തലുണ്ടായി.

ചവറയില്‍ ഷിജു ബേബി ജോണ്‍ തന്നെയാണ് സ്ഥാനാര്‍ത്ഥി. രണ്ടിടത്തും യുഡിഎഫിന് അനുകൂലമാണ് നിലവിലെ സ്ഥിതിയെന്നും പ്രതിപക്ഷ നേതാവ് യുഡിഎഫ് യോഗത്തിന് ശേഷം അറിയിച്ചു.

Top