രണ്ടില ചിഹ്നം അനുവദിക്കണം: ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

പാലാ : പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ഥി ജോസ് ടോമാണെന്ന് കാണിച്ച് ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പാര്‍ട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി ചേര്‍ന്നാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെന്നും അതിനാല്‍ രണ്ടില ചിഹ്നം ജോസ് ടോമിന് നല്‍കണമെന്നും ജോസ് വിഭാഗം ആവശ്യപ്പെട്ടു.

അതേസമയം രണ്ടില അനുവദിക്കണമെങ്കില്‍ പാര്‍ട്ടി ചെയര്‍മാനായി നിലവില്‍ സ്ഥാനമേറ്റെടുത്തിരിക്കുന്ന പി ജെ ജോസഫിന്റെ കത്ത് വേണമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നേരത്തെ വ്യക്തമാക്കിയിരുന്നത്.

ജോസഫ് എഴുതി നല്‍കിയാല്‍ മാത്രമേ രണ്ടില ചിഹ്നം അനുവദിക്കാന്‍ സാധിക്കൂ. അഞ്ചാം തീയതിക്ക് മുമ്പ് തീരുമാനം എടുത്തില്ലെങ്കില്‍ ജോസ് ടോമിന് സ്വതന്ത്രനായി മത്സരിക്കേണ്ടി വരുമെന്നുും അദ്ദേഹം പറഞ്ഞിരുന്നു. ജോസ് കെ മാണിക്ക് വിഭാഗത്തിനെതിരായ കോടതി നടപടിയുള്ള സാഹചര്യത്തിലാണിതെന്നും ടിക്കാറാം മീണ ചൂണ്ടിക്കാട്ടി.

Top