അഭ്യൂഹങ്ങള്‍ക്ക് വിരാമം; ജോസ് കെ മാണിയുടെ രാഷ്ട്രീയ നിലപാട് ഇന്ന് പ്രഖ്യാപിക്കും

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇന്ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും. രാവിലെ 11ന് ജോസ് കെ.മാണി കോട്ടയത്ത് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. യുഡിഎഫ് വിടുന്നതിനു മുന്നേ തന്നെ ജോസ് വിഭാഗം എല്‍ഡിഎഫിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമായപ്പോഴും ഇടതു നേതാക്കളോ ജോസോ ഒന്നും തന്നെ സ്ഥിരീകരണം നല്‍കിയിരുന്നില്ല.

ജോസ് വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനത്തെ തുടക്കം മുതല്‍ എതിര്‍ത്ത സിപിഐയുടെ നിലപാടും കാര്യങ്ങള്‍ നീളുന്നതിന് കാരണമായി. ജോസ് വിഭാഗത്തെ എല്‍ഡിഎഫിലേക്ക് എത്തിച്ചിട്ട് പ്രത്യേകിച്ച് നേട്ടമൊന്നുമില്ലെന്ന് സിപിഐ സംസ്ഥാന നേതൃത്വവും കോട്ടയം ജില്ലാ കമ്മിറ്റിയുമെല്ലാം ശക്തമായ നിലപാടെടുത്തിരുന്നു.

എന്നാല്‍, പിന്നീട് നടന്ന ചര്‍ച്ചകളില്‍ സിപിഐ അയഞ്ഞുവെന്നും മുന്നണി പ്രവേശനം സാധ്യമാകുമെന്നും വാര്‍ത്തകള്‍ വന്നു. അതേസമയം, ജോസ് വിഭാഗത്തിന്റെ ഇടതു പ്രവേശനത്തോട് ഇടത് അണികളില്‍ പ്രത്യേകിച്ച് സിപിഐ അണികളില്‍ ശക്തമായ വിരുദ്ധ വികാരമാണുള്ളത്.

ഏറ്റവുമൊടുവില്‍ 10ാം തീയതിക്ക് ശേഷവും ജോസ് വിഭാഗത്തെ ഇടതു മുന്നണിയിലേക്ക് എത്തിക്കേണ്ടതില്ല എന്ന ഉറച്ച നിലപാടിലായിരുന്നു സിപിഐ. കോട്ടയം കേന്ദ്രീകരിച്ചുള്ള ചില സിപിഎം സംസ്ഥാന നേതാക്കളുടെ താത്പര്യം മാത്രമാണ് നീക്കങ്ങള്‍ക്കു പിന്നില്ലെന്നും സിപിഐ പരോക്ഷമായി കുറ്റപ്പെടുത്തുന്നുണ്ട്.

തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ എല്‍ഡിഎഫിലേക്ക് എന്ന നിലപാടാണ് ജോസ് കെ.മാണി പ്രഖ്യാപിക്കുന്നത് എങ്കില്‍ വരും ദിവസങ്ങളിലും നിര്‍ണായകമായ പല തീരുമാനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും രാഷ്ട്രീയ കേരളം സാക്ഷിയാകുമെന്നുറപ്പാണ്.

Top