മധ്യകേരളത്തിൽ ചെങ്കൊടിക്കൊപ്പം ജോസും രചിച്ചു ചരിത്രം, ഞെട്ടി യു.ഡി.എഫ്

പമാനിക്കപ്പെട്ട് പുറത്ത് പോകേണ്ടി വന്നതിന് മധുരമായ പ്രതികാരമാണിപ്പോള്‍ ജോസ് കെ മാണി നല്‍കിയിരിക്കുന്നത്. യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ്സ് തങ്ങളുടേതാണ് എന്ന് തെളിയിക്കുന്ന വിജയമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസ് വിഭാഗം നേടിയിരിക്കുന്നത്. അതിന് അവര്‍ക്ക് കരുത്തായതാകട്ടെ ചെങ്കൊടിയുടെ കരുത്തുമാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തട്ടകമായ കോട്ടയത്തടക്കം ലഭിച്ച അപ്രതീക്ഷിത പ്രഹരത്തിന്റെ ഞെട്ടലിലാണ് കോണ്‍ഗ്രസ്സ് നേതൃത്വം. പി.ജെ. ജോസഫ് വിഭാഗം വെറും പടം മാത്രമാണെന്ന് വ്യക്തമാക്കുന്ന വിധി എഴുത്ത് കൂടിയാണിത്.

ജോസഫിന്റെ തട്ടകമായ തൊടുപുഴയിലും ജോസഫ് വിഭാഗം തകര്‍ന്നടിഞ്ഞു. കെ.എം മാണിയുടെ തട്ടകമായ പാലായില്‍ നിന്ന് തുടങ്ങിയ ജോസ് കെ മാണിയുടെ തേരോട്ടം കോണ്‍ഗ്രസ്സ് ശക്തി കേന്ദ്രങ്ങളെ പോലും കടപുഴക്കിയിരിക്കുകയാണ്. അതാകട്ടെ മധ്യ തിരുവിതാംകൂറിലാകെ പ്രകടവുമാണ്. എന്തിന് ജോസഫിന് വേണ്ടി ജോസിനെ പുറത്താക്കി എന്നതിന് ഇനി കോണ്‍ഗ്രസ്സ് നേതൃത്വം അണികളോടും ഘടക കക്ഷികളോടും മറുപടി പറയേണ്ടി വരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാനുമാണ് ജോസ് കെ മാണിയെ പുറത്താക്കാന്‍ അണിയറയില്‍ ചരട് വലിച്ചിരുന്നത്. ഇത് വലിയ അബദ്ധമായിപ്പോയി എന്നാണ് യു.ഡി.എഫ് നേതൃത്വം ഇപ്പാള്‍ വിലയിരുത്തുന്നത്.

ഈ സാഹചര്യത്തില്‍ നിയമസഭ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക എന്നത് യു.ഡി.എഫിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകും. പരമ്പരാഗതമായി യു.ഡി.എഫിന് ലഭിച്ചിരുന്ന ക്രൈസ്തവ വോട്ടുകളില്‍ നല്ലൊരു വിഭാഗവും ഇത്തവണ ഇടതുപക്ഷത്തിനാണ് ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പൊതു ചിത്രമെടുത്താലും ഇടതുപക്ഷത്തെ സംബന്ധിച്ച് വലിയ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിട്ടിട്ടും ഇടതുപക്ഷത്തിന് പൊരുതി മുന്നേറാന്‍ കഴിഞ്ഞത് അവിശ്വസനീയം തന്നെയാണ്. ആരോപണങ്ങള്‍ക്ക് മേലുള്ള ആധികാരിക വിജയമാണിത്. ഒപ്പം പിണറായി സര്‍ക്കാറിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരവുമാണ്.

കേന്ദ്ര ഏജന്‍സികളെ മുന്‍ നിര്‍ത്തി പ്രതിപക്ഷം കെട്ടിപ്പടുത്ത ആരോപണ കുമിളകളാണ് ജനവിധിയില്‍ തട്ടി തകര്‍ന്നിരിക്കുന്നത്. ഗ്രാമ പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തുടങ്ങി സകലയിടത്തും വലിയ മുന്നേറ്റമാണ് പ്രതിസന്ധികള്‍ക്കിടയിലും ഇടതുപക്ഷം നടത്തിയിരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ ഈ വിജയം ഇടതുപക്ഷത്തിന് വലിയ കരുത്താകും.

ജോസഫിന് ഇനി ‘ചെണ്ട’ കൊട്ടി തന്നെ നടക്കാം. പിന്നാലെ ചെന്നിത്തലക്കും ഉമ്മന്‍ ചാണ്ടിക്കും പോകുകയും ചെയ്യാം. മലപ്പുറമല്ല കേരളമെന്നതിനാല്‍ മുസ്ലീം ലീഗിനും ഇവര്‍ക്കൊപ്പം തന്നെ പോകേണ്ടി വരും. വിവാദങ്ങളിലൂടെ ഇത്രയും അനുകൂലമായ സാഹചര്യം ഉണ്ടായിട്ടും യു.ഡി.എഫിന് തിരിച്ചടി നേരിട്ടത് രാഷ്ട്രീയ നിരീക്ഷകരെയും ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.

Top