ജോസ് ബട്ലര്‍ ഇന്ത്യക്കെതിരായ അവസാന ടെസ്റ്റില്‍ മടങ്ങിയെത്തും

ഓവല്‍: ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്ലര്‍ ഇന്ത്യക്കെതിരായ അവസാന ടെസ്റ്റില്‍ മടങ്ങിയെത്തുമെന്ന് റിപ്പോര്‍ട്ട്. തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടാണ് ബട്ലര്‍ നാലാം ടെസ്റ്റില്‍ നിന്ന് വിട്ടുനിന്നത്. കഴിഞ്ഞ ദിവസം ബട്ലറിന്റെ ഭാര്യ പ്രസവിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് താരം ടീമിലേക്ക് മടങ്ങിയെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ബട്ലറിനു പകരം ടീമിലെത്തിയ ഒലി പോപ്പ് മികച്ച പ്രകടനമാണ് മത്സരത്തില്‍ കാഴ്ചവച്ചത്. ബെയര്‍‌സ്റ്റോയാണ് വിക്കറ്റ് സംരക്ഷിച്ചതെങ്കിലും സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി കളിച്ച പോപ്പ് ആദ്യ ഇന്നിംഗ്‌സില്‍ 81 റണ്‍സാണ് നേടിയത്. രണ്ടാം ഇന്നിംഗ്‌സില്‍ താരം ഇതുവരെ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയില്ല.

അതേസമയം, നാലാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് കടക്കുകയാണ്. 10 വിക്കറ്റുകളും ഒരു ദിവസവും ശേഷിക്കേ 291 റണ്‍സ് കൂടിയാണ് ഇംഗ്ലണ്ടിനു വേണ്ടത്. 368 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയര്‍ നാലാം ദിനം അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 77 റണ്‍സ് എന്ന നിലയിലായിരുന്നു. ഹസീം ഹമീദ് (43), റോറി ബേണ്‍സ് (31) എന്നിവരാണ് ക്രീസില്‍. ബാറ്റിംഗിന് ഏറെ അനുകൂലമായ പിച്ചില്‍ ഇംഗ്ലണ്ട് ഈ ലക്ഷ്യം അനായാസം മറികടന്നേക്കുമെന്നാണ് വിലയിരുത്തല്‍.

 

Top