കൊഹ്‌ലി നവതലമുറയിലെ മഹാനാണെന്ന് ദക്ഷിണാഫ്രിക്കന്‍ താരം ജോണ്ടി റോഡ്‌സ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയെ പുകഴ്ത്തി ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ജോണ്ടി റോഡ്സ്. വിരാട് കൊഹ്‌ലി നവതലമുറയിലെ മഹാനാണെന്നാണ് ജോണ്ടി റോഡ്സിന്റെ അഭിപ്രായം. വിരാടിന്റെ ബാറ്റിങ് സ്ഥിരത അതിശയിപ്പിക്കുന്നതാണ്. ഇന്ത്യയെ ജയിപ്പിക്കുന്നതില്‍ കൊഹ്‌ലിയുടെ സ്ഥിരത ഏറെ പങ്കുവഹിക്കുന്നുണ്ടെന്നും സ്ഥിരതയാര്‍ന്ന പ്രകടനം താരത്തെ മഹാനാക്കുന്നതാണെന്നും ജോണ്ടി പറഞ്ഞു.

വിശാഖപട്ടണത്ത് നടക്കുന്ന ഇന്ത്യ-വിന്‍ഡീസ് രണ്ടാം ഏകദിനത്തില്‍ കൊഹ്‌ലി പതിനായിരം റണ്‍സ് നേട്ടം സ്വന്തമാക്കിയിരുന്നു. പതിനായിരം റണ്‍സ് തികയ്ക്കുന്ന പതിമൂന്നാം ബാറ്റ്സ്മാനാണ് കൊഹ്ലി. വിശാഖപട്ടണം ഏകദിനത്തിലാണ് കൊഹ്ലി നേട്ടം കൈവരിച്ചത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്നാണ് കൊഹ്ലിയുടെ നേട്ടം. 213 ഏകദിനങ്ങളില്‍ നിന്നാണ് നേട്ടം.

നേരത്തെ നാട്ടില്‍ നടക്കുന്ന മത്സരങ്ങളില്‍ വേഗത്തില്‍ 4000 റണ്‍സ് നേടുന്ന താരമെന്ന റെക്കോഡും കൊഹ്ലി സ്വന്തം പേരിലാക്കിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്സിനെയാണ് താരം പിന്നിലാക്കിയത്. 10,000 റണ്‍സ് ക്ലബിലെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് കൊഹ്ലി. സച്ചിന് പുറമെ, രാഹുല്‍ ദ്രാവിഡ് (10,889), സൗരവ് ഗാംഗുലി (11,363) എന്നിവരാണ് 10,000 റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍. എം.എസ് ധോണി 10,000 നേടിയിട്ടുണ്ടെങ്കിലും ഇതില്‍ 174 റണ്‍ ഏഷ്യന്‍ ഇലവന് വേണ്ടിയായിരുന്നു.

Top