ആഷസിനിടെ പ്രതിഷേധിക്കാൻ ഇറങ്ങിയ ആളെ തൂക്കിയെടുത്ത് ഗ്രൗണ്ട് കടത്തി ബെയർസ്റ്റോ

ലണ്ടൻ : ആഷസ് ടെസ്റ്റിനിടെ പ്രതിഷേധിക്കാനെത്തിയ ആളെ തൂക്കിയെടുത്ത് ഗ്രൗണ്ട് കടത്തി ഇംഗ്ലണ്ട് താരം ജോണി ബെയർസ്റ്റോ. ലോഡ്സ് സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ ടോസ് കഴിഞ്ഞ് കളി തുടങ്ങിയതിനു പിന്നാലെയാണ് യുവാവ് ഗ്രൗണ്ട് കയ്യേറിയത്. ആദ്യ ഓവർ കഴിഞ്ഞപ്പോൾ ഗ്രൗണ്ടിലേക്കു കടന്നു കയറിയ ആളെ ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പർ ബാറ്റർ ജോണി‍ ബെയർസ്റ്റോ ഓടിച്ചിട്ടുപിടിച്ചു. ശേഷം പൊക്കിയെടുത്ത് ബൗണ്ടറി ലൈനിനപ്പുറത്തേക്കു കൊണ്ടുപോകുകയായിരുന്നു.

ബെയർസ്റ്റോയുടെ അപ്രതീക്ഷിത നീക്കം കളി കാണാനെത്തിയ ആരാധകർക്കും രസിച്ചു. നിറഞ്ഞ കയ്യടികളോടെയാണ് യുവാവിനെ ‘ബൗണ്ടറി കടത്തിയ’ ബെയര്‍സ്റ്റോയെ ആരാധകർ സ്വീകരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. എണ്ണ, ഗ്യാസ്, കൽക്കരി പ്രോജക്ടുകൾക്ക് ബ്രിട്ടീഷ് സർക്കാർ അനുമതി നൽകുന്നതിനെതിരെ പ്രതിഷേധിക്കുന്ന ‘ജസ്റ്റ് സ്റ്റോപ് ഓയിൽ’ സംഘടനയിലെ അംഗമാണ് ഗ്രൗണ്ടിലേക്കു കടന്നുകയറിയത്.

ഗ്രൗണ്ടിൽ കയറിയ യുവാവ് പിച്ചിന് സമീപത്ത് ഓറഞ്ച് പെയിന്റ് ഒഴിച്ചു. പത്ത് മിനിറ്റോളം സമയമെടുത്ത് ഗ്രൗണ്ട് വൃത്തിയാക്കിയ ശേഷമാണു കളി തുടങ്ങിയത്. പ്രതിഷേധക്കാരനെ മാറ്റിയ ഇംഗ്ലിഷ് വിക്കറ്റ് കീപ്പർ ഡ്രസിങ് റൂമിൽ പോയി പുതിയ വസ്ത്രങ്ങൾ ധരിച്ചാണു വീണ്ടും ഗ്രൗണ്ടിലെത്തിയത്.

Top