സപ്പോര്‍ട്ടിങ് സ്റ്റാഫിനെ നിയമിക്കല്‍: ഇന്ത്യയുടെ ബാറ്റിങ് പരിശീലകനാവാന്‍ ജൊനാഥന്‍ ട്രോട്ടും

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനാവാന്‍ മുന്‍ ഇംഗ്ലണ്ട് താരം ജൊനാഥന്‍ ട്രോട്ടും. മുഖ്യപരിശീലകനായി രവിശാസ്ത്രീയെ വീണ്ടും തെരഞ്ഞെടുത്തതിന് പിന്നാലെയാണ് ബാറ്റിങ്, ഫീല്‍ഡിങ്, ബൗളിങ് തുടങ്ങി കോച്ചിങ് സ്റ്റാഫില്‍ സപ്പോര്‍ട്ടിങ് സ്റ്റാഫിനെ കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നത്.

ഇന്ത്യന്‍ സെലക്ഷന്‍ കമ്മറ്റിയാണ് ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് അഭിമുഖങ്ങള്‍ പുരോഗമിക്കുകയാണ്. വ്യാഴാഴ്ചയോടെ മാത്രമേ സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളെ പ്രഖ്യാപിക്കുകയുള്ളൂ.

ശ്രീലങ്കയുടെ തിലന്‍ സമരവീര, മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിക്രം റാത്തോര്‍, ഋഷികേശ് കണിതകര്‍, പ്രവീണ്‍ അംരെ, അമോല്‍ മസുംദാര്‍ എന്നിവരാണ് ഇന്ത്യയുടെ ബാറ്റിങ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷ അയച്ചത്. സഞ്ജയ് ബംഗാറാണ് നിലവില്‍ ഇന്ത്യയുടെ ബാറ്റിങ് പരിശീലകന്‍. ബംഗാറിന് ഒരിക്കല്‍ കൂടി അവസരം കൊടുക്കുമോ എന്നാണ് ആരാധകര്‍ നോക്കുന്നത്.

മൂന്ന് ദിവസമായി ബാറ്റിങ് പരിശീലകനെ കണ്ടെത്തുന്നതിനുള്ള ഇന്റര്‍വ്യു നടക്കുന്നുണ്ട്.എം.എസ്.കെ പ്രസാദ് നയിക്കുന്ന സെലക്ഷന്‍ കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തുക. നിലവിലുള്ള സപ്പോര്‍ട്ടിങ് സ്റ്റാഫ് അംഗങ്ങളും ഇന്റര്‍വ്യുവില്‍ പങ്കെടുക്കുന്നുണ്ട്.

Top