കടുവയെ ‘കിടുവ’പിടിച്ച ‘കഥ’ പറഞ്ഞ് ജോമോൻ പുത്തൻപുരയ്ക്കൽ

കൊച്ചി: നവാബ് രാജേന്ദ്രന്‍ പ്രതിയായ അപകീര്‍ത്തിക്കേസിന്റെ പിന്നാമ്പുറക്കഥയുമായി ജോമോന്‍ പുത്തന്‍പുരക്കല്‍. കേരളത്തില്‍ പൊതുതാത്പര്യ വ്യവഹാരങ്ങള്‍ നടത്തുവാന്‍ ആര്‍ക്കും ധൈര്യം ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ ധൈര്യപൂര്‍വ്വം അഴിമതി, സ്വജനപക്ഷപാതം, അധികാരദുര്‍വിനിയോഗം ഇതിനെതിരെയെല്ലാം ശക്തമായ നിലപാടു സ്വീകരിച്ച് പൊതുതാത്പര്യ വ്യവഹാരത്തിനു സ്വന്തമായ ഒരു പാത വെട്ടിത്തെളിച്ചിട്ടുള്ള ഒരു വ്യക്തിയാണ് നവാബ് രാജേന്ദ്രന്‍ എന്ന് ജോമോന്‍ പറയുന്നു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നവാബ് രാജേന്ദ്രന്‍ പ്രതിയായ അപകീര്‍ത്തിക്കേസിന്റെ പിന്നാമ്പുറക്കഥ:

കേരളത്തില്‍ പൊതുതാത്പര്യ വ്യവഹാരങ്ങള്‍ നടത്തുവാന്‍ ആര്‍ക്കും ധൈര്യം ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ ധൈര്യപൂര്‍വ്വം അഴിമതി, സ്വജനപക്ഷപാതം, അധികാരദുര്‍വിനിയോഗം ഇതിനെതിരെയെല്ലാം ശക്തമായ നിലപാടു സ്വീകരിച്ച് പൊതുതാത്പര്യ വ്യവഹാരത്തിനു സ്വന്തമായ ഒരു പാത വെട്ടിത്തെളിച്ചിട്ടുള്ള ഒരു വ്യക്തിയാണ് നവാബ് രാജേന്ദ്രന്‍. അദ്ദേഹത്തോടുള്ള ബഹുമാനത്തിന് എനിക്ക് അന്നും ഇന്നും കുറവൊന്നുമില്ല. എന്നാല്‍ നവാബിന്റെ ബലഹീനതകള്‍ വെച്ച് ചിലര്‍ അദ്ദേഹത്തെ മുതലെടുത്തതിന്റെ പേരിലാണ് ഞാന്‍ നവാബ് രാജേന്ദ്രനെ പ്രതിയാക്കി കോടതിയില്‍ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തത്. ഒരു പക്ഷെ നവാബിനെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്ത ഏക വ്യക്തി ഞാനായിരിക്കാം. ആ അപകീര്‍ത്തിക്കേസിന് ആസ്പദമായ സംഭവത്തിലേക്കു കടക്കാം.

ഞാന്‍ ഒരു സ്വാതന്ത്ര്യ സമരസേനാനിയോടൊപ്പം ട്രെയിനില്‍ ഡല്‍ഹിയ്ക്കു സൗജന്യയാത്ര നടത്തിയെന്നും അതിനു ശേഷം ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് സ്വാതന്ത്ര്യസമര സേനാനിയുടെയും എന്റെയും പേരില്‍ സൗജന്യ ടിക്കറ്റ് എടുത്ത് വേറൊരാള്‍ക്ക് ആയിരം രൂപയ്ക്ക് മറിച്ചു വിറ്റുവെന്നും നവാബ് രാജേന്ദ്രന്‍ എനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചത് നവാബ് രാജേന്ദ്രന്റെ ആത്മകഥയായ ‘ഒരു മനുഷ്യാവകാശപ്രവര്‍ത്തകന്റെ പോരാട്ടം’ എന്ന 2000 ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലായിരുന്നു. ഇതിനെതിരെ ഞാന്‍ കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നവാബ് രാജേന്ദ്രനെ പ്രതിയാക്കി അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തു. കേന്ദ്ര സര്‍ക്കാറിന്റെ പെന്‍ഷനുള്ള സ്വാതന്ത്ര്യസമരസേനാനിയ്ക്ക് ട്രെയിനില്‍ AC കോച്ചില്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സൗജന്യയാത്രയില്‍ കംപാനിയന്‍ ആയി ഒരു വ്യക്തിയ്ക്കു കൂടി സൗജന്യമായി യാത്ര ചെയ്യുവാന്‍ കഴിയും. സ്വാതന്ത്ര്യസമര സേനാനിയുടെ പേരിലുള്ള, മറ്റൊരാള്‍ക്കു വിറ്റുവെന്ന് പറഞ്ഞ, ഒറിജിനല്‍ ടിക്കറ്റ് കോടതിയില്‍ ഞാന്‍ ഹാജരാക്കിയതോടെ രാജേന്ദ്രനോട് നേരിട്ടു ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. കോടതിയില്‍ നിന്നും പല സമന്‍സ് അയച്ചിട്ടും കൈപ്പറ്റാതെ മടങ്ങിവന്നു. ഒടുവില്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ SI യുടെ അധികാരപരിധിയില്‍ വരുന്ന രാജേന്ദ്രന്‍ താമസിക്കുന്ന മാസ്സ് ഹോട്ടലിലെ റൂമില്‍ ഞാന്‍ SI യെ കൂട്ടിക്കൊണ്ടു പോയി സമന്‍സ് റൂമില്‍ പതിച്ചു. അതിനെ തുടര്‍ന്ന് രാജേന്ദ്രന്‍ പിറ്റേ അവധിക്കു കൃത്യമായി കോടതിയില്‍ ഹാജരായി ജാമ്യം എടുത്തു. അതിനു ശേഷം ഒരു മാസം കഴിഞ്ഞപ്പോള്‍ അപകീര്‍ത്തിക്കേസ് സ്റ്റേ ചെയ്യാന്‍ നവാബ് ഹൈക്കോടതിയില്‍ ഹര്‍ജി കൊടുത്തു. കോടതിയില്‍ നവാബ് തന്നെയാണ് നേരിട്ടു ഹാജരായത്. അന്നു കേസ് പരിഗണിച്ചത് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് N കൃഷ്ണന്‍ നായര്‍ ആയിരുന്നു. ജഡ്ജി രാജേന്ദ്രനോട് ‘ഹര്‍ജി എന്താണ്’ എന്നു ചോദിച്ചു. അപ്പോള്‍ രാജേന്ദ്രന്‍ പ്രതിയായിട്ടുള്ള അപകീര്‍ത്തിക്കേസ് സ്റ്റേ ചെയ്യണമെന്നാണെന്നു പറഞ്ഞു. ‘രാജേന്ദ്രനെ പ്രതിയാക്കി കേസ് കൊടുത്തത് ആരാണ്? കടുവയെ കിടുവ പിടിച്ചോ’ എന്നു ജഡ്ജി ചോദിച്ചു. അതിനു ശേഷം ഹൈക്കോടതി കേസ് സ്റ്റേ ചെയ്തു. പിന്നീട് രാജേന്ദ്രന്‍ കോട്ടയം TB റോഡിലുള്ള ഇന്‍ഡ്യന്‍ കോഫി ഹൗസില്‍ വെച്ച് എന്നെ കണ്ടപ്പോള്‍ എനിക്കെതിരെ ഇങ്ങനെയൊരു ആരോപണം ഉന്നയിക്കേണ്ടി വന്നത് അന്നു കോട്ടയം ജില്ലാ പൊലീസ് സൂപ്രണ്ട് ആയിരുന്ന KT മൈക്കിളിന്റെ സമ്മര്‍ദ്ദത്തിനുവഴങ്ങിയാണെന്നു പറഞ്ഞിരുന്നു. നവാബ് എന്നോടു ക്ഷമ പറയുകയും ചെയ്തു. 2003 ഒക്ടോബര്‍ 10 ന് നവാബ് മരിച്ചതിനെ തുടര്‍ന്ന് നവാബ് പ്രതിയായ അപകീര്‍ത്തിക്കേസും കോടതി അവസാനിപ്പിച്ചു.

അഭയ കേസില്‍ CBI അന്വേഷണം ഊര്ജിതപ്പെടുത്തുവാന്‍ വേണ്ടി രാഷ്ട്രപതിയ്ക്കു നേരിട്ടു നിവേദനം നല്‍കാനായാണ് കേരള എക്‌സ്പ്രസ് ട്രെയിനില്‍ അഭയ കൗണ്‍സില്‍ അംഗവും സ്വാതന്ത്ര്യസമര സേനാനിയുമായ ജോണിനോടൊപ്പം ഞാന്‍ 1997 സെപ്റ്റംബര്‍ ഒന്നിന് ഡല്‍ഹിയില്‍ എത്തിയത്. ജോണും ഞാനും കേരള ഹൗസിലാണ് താമസിച്ചത്. അവിടെ നവാബ് രാജേന്ദ്രനും താമസിക്കുന്നുണ്ടായിരുന്നു. രാഷ്ട്രപതിയെ കാണാന്‍ അപ്പോയ്ന്റ്‌മെന്റ് കിട്ടിയ ദിവസമാണ് മദര്‍ തെരേസ അന്തരിച്ചത്. അപ്പോള്‍ അപ്പോയ്ന്റ്‌മെന്റ് ക്യാന്‍സല്‍ ആയി. രാഷ്ട്രപതി മദര്‍ തെരേസയുടെ സംസ്‌കാരച്ചടങ്ങിനു കൊല്‍ക്കൊത്തയ്ക്കു പോകുകയും ചെയ്തു. പിന്നീട് അപ്പോയ്ന്റ്‌മെന്റിനു ശ്രമിച്ചപ്പോള്‍ ഡേറ്റ് ഇല്ലാതെ പോവുകയും 1997 സെപ്റ്റംബര്‍ 15 ന് രാഷ്ട്രപതിഭവനില്‍ നടക്കുന്ന ഓണസദ്യയ്ക്ക് പ്രത്യേകം ക്ഷണിതാവായി ആ ചടങ്ങില്‍ പങ്കെടുക്കുവാനും നിവേദനം സമര്‍പ്പിക്കുവാനും അനുവദിച്ചുകൊണ്ട് ഓണസദ്യയ്ക്കുള്ള ക്ഷണക്കത്തു കിട്ടി. ബഹു. K.R. നാരായണന്‍ ആയിരുന്നു രാഷ്ട്രപതി. അത്രയും ദിവസം വെയിറ്റ് ചെയ്യുവാന്‍ സ്വാതന്ത്ര്യസമരസേനാനി ജോണിനു സാധിക്കാത്തതുകൊണ്ട് അദ്ദേഹത്തെ തിരികെ കേരളത്തിലേക്ക് അയച്ചു. എന്നാല്‍ കേരളത്തിലേക്കു പോകുവാന്‍ കേരളത്തില്‍വെച്ചു മുന്‍കൂട്ടി എടുത്ത ടിക്കറ്റ് സൗജന്യ ടിക്കറ്റ് ആയതിനാല്‍ ഞാന്‍ ക്യാന്‍സല്‍ ചെയ്തില്ല. 1997ല്‍ നടന്ന ഈ കാര്യത്തിന് 2000ലാണ് നവാബ് എനിക്കെതിരെ ആരോപണം ഉന്നയിച്ചത്. ആയിരം രൂപയ്ക്കു വിറ്റു എന്നു പറയപ്പെട്ട യാത്ര ചെയ്യാത്ത ഒറിജിനല്‍ ട്രെയിന്‍ ടിക്കറ്റ് ഞാന്‍ കോടതിയില്‍ ഹാജരാക്കിയത് നവാബിനു തിരിച്ചടിയായി. മൂന്നു വര്‍ഷം ഈ ടിക്കറ്റ് ഞാന്‍ സൂക്ഷിച്ചു വെയ്ക്കുമെന്നു കരുതിയില്ല. ഞാന്‍ എപ്പോഴും ഇങ്ങനെയുള്ള എല്ലാ രേഖകളും സൂക്ഷിച്ചു വെയ്ക്കാറുണ്ട്. അതാണ് നവാബിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചത്.

ബഹു. K.R. നാരായണന്‍ രാഷ്ട്രപതി ഭവനില്‍ നടത്തിയ ആദ്യത്തെ ഓണസദ്യ ആയിരുന്നു 1997 സെപ്റ്റംബര്‍ 15 ന് നടന്നത്. ഇപ്പോള്‍ ഇരുപത്തിരണ്ടു വര്‍ഷം കഴിഞ്ഞു. രാഷ്ട്രപതിഭവനില്‍ അന്ന് ഓണസദ്യയ്ക്ക് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും സുപ്രീം കോടതി ചീഫ് ജസ്റ്റിസും സുപ്രീം കോടതി ജഡ്ജിമാരും ഉള്‍പ്പെടുന്ന ഉന്നതവ്യക്തികളെയാണ് ക്ഷണിച്ചത്. അതിന്റെ കൂടെ എനിക്കും പങ്കെടുക്കുവാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായിട്ടാണ് അന്നും ഇന്നും ഞാന്‍ കരുതുന്നത്. അന്ന് സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് K.T. തോമസിനോടൊപ്പമാണ് ഞാന്‍ ഓണസദ്യ കഴിച്ചത്..

രാഷ്ട്രപതി ബഹു. K.R. നാരായണന് അന്നു ഞാന്‍ നേരിട്ടു നിവേദനവും നല്‍കിയിരുന്നു.

Top