കുഴഞ്ഞു വീണ സിലിക്ക് സയനെയ്ഡ് കലര്‍ത്തിയ വെള്ളം നല്‍കി; ജോളിയുടെ ലക്ഷ്യം ഫലംകണ്ടത് മൂന്നാം തവണ

കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളുടെ ചുരുളഴിക്കാനുള്ള കഠിന പരിശ്രമത്തിലാണ് കേരള പൊലീസ്. കേസിലെ മുഖ്യപ്രതി ജോളി കൊലപാതകങ്ങള്‍ നടത്തിയതിനൊപ്പം അവ ഒരിക്കലും കണ്ടുപിടിക്കാതിരിക്കുവാനുള്ള നീക്കങ്ങളും കൃത്യമായി നടത്തിയതും തെളിവുകള്‍ നശിപ്പിച്ചതുമാണ് പൊലീസിനെ കുഴക്കുന്നത്

2016 ല്‍ കൊല്ലപ്പെട്ട് സിലിയായിരുന്നു ജോളിയുടെ അവസാനത്തെ ഇര. ദന്താശുപത്രിയില്‍ വച്ച് ജോളിയുടെ മടിയിലേക്ക് കുഴഞ്ഞുവീണായിരുന്നു സിലിയുടെ മരണം.എന്നാല്‍ അതിനും മുമ്പ് ഇവര്‍ക്ക് മൂന്നു പ്രാവശ്യം വിഷം നല്‍കിയിരുന്നുവെന്ന ജോളിയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തു വരുന്ന നിര്‍ണായക വിവരം. ആദ്യത്തെ രണ്ട് തവണത്തേയും നീക്കങ്ങള്‍ വിജയിച്ചില്ലെങ്കിലും കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ അവസാനത്തെ നീക്കം വിജയം കണ്ടു.

ആദ്യതവണ ഭക്ഷണത്തില്‍ സയനെയ്ഡ് കലര്‍ത്തി നല്‍കി. എന്നാല്‍ വിഷത്തിന്റെ അളവ് കുറവായതിനാല്‍ സിലി രക്ഷപ്പെട്ടു. രണ്ടാം വട്ടം വിഷം കലര്‍ന്ന ഭക്ഷണം നല്‍കിയെങ്കിലും സിലി ഇത് കഴിക്കാന്‍ കൂട്ടാക്കിയില്ല. മൂന്നാമത്തെ പ്രാവശ്യം എല്ലാം കൃത്യമായി ആസൂത്രണം ചെയ്തു. ഒരു കല്യാണവീട്ടില്‍ വച്ച് സിലിക്ക് സയനെയ്ഡ് കലര്‍ന്ന ഭക്ഷണം നല്‍കി. കല്യാണ വീട്ടില്‍ നിന്നും സിലി ദന്താശുപത്രിയിലേക്ക് പോകുകയാണെന്ന് മനസിലാക്കിയ ജോളി ഇവര്‍ക്കൊപ്പം കയറി.ദന്താശുപത്രിയില്‍ വച്ച് ജോളിയുടെ മടിയിലേക്ക് കുഴഞ്ഞു വീണ സിലിയ്ക്ക് കൈയ്യില്‍ കരുതിയിരുന്ന സയനെയ്ഡ് കലര്‍ത്തിയ വെള്ളം നല്‍കി. ഈ വെളളം കൂടി കുടിച്ചതോടെ കൂടുതല്‍ വിഷം ഉള്ളില്‍ ചെന്നു. അങ്ങനെ സിലിയുടെ മരണം ഉറപ്പാക്കി.

ആറുകൊലപാതകങ്ങളിലും ജോളി കുറ്റസമ്മതം നടത്തിയതായാണ് പൊലീസ് ഇപ്പോള്‍ പറയുന്നത്. കേസില്‍ ജോളി രക്ഷപ്പെടാതിരിക്കാനായി കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോള്‍ പൊലീസ്.

Top