സിലിയെ കൊന്നത് മുന്നറിയിപ്പ് നല്‍കിയതിന്; ഷാജുവിനെ കുരുക്കി ജോളിയുടെ മൊഴി

കോഴിക്കോട് : ഷാജുവിനോട് കൂടുതല്‍ അടുപ്പം വേണ്ടെന്ന സിലിയുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പാണ് കൊലയ്ക്ക് കാരണമെന്നും സിലി കൊല്ലപ്പെടുമെന്ന വിവരം ഷാജുവിന് അറിയാമായിരുന്നുവെന്നും കൂടത്തായി കൊലക്കേസ് പ്രതി ജോളി.

ആല്‍ഫൈനും സിലിയും ജീവിച്ചിരിക്കുമ്പോള്‍ തനിക്ക് ഷാജുവിനെ സ്വന്തമാക്കാനാകില്ലെന്ന് ബോധ്യമുള്ളതു കൊണ്ടാണ് ഇരുവരെയും വേഗത്തില്‍ കൊലപ്പെടുത്തിയത്. ഷാജുവിന്റെ മൊബൈലിലേക്ക് എവരിതിങ് ക്ലിയര്‍ എന്ന സന്ദേശം അയച്ചാണ് സിലിയുടെ മരണം ഉറപ്പാക്കിയതെന്നും ജോളി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

റോയി കൊല്ലപ്പെട്ടതോടെ ജോളി ഷാജുവുമായി കൂടുതല്‍ അടുത്തു. പണമിടപാടുകള്‍ പലപ്പോഴും സിലി ചോദ്യം ചെയ്തു. പുലിക്കയത്തെ ഷാജുവിന്റെ കുടുംബ വീട്ടിലേക്ക് ജോളിയുടെ പതിവായുള്ള വരവിലും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇത് നേരിട്ട് സിലി ജോളിയോട് പലതവണ പറഞ്ഞതിന് പിന്നാലെയാണ് ശത്രുത ഏറിയത്. ഇതിന്റെ പേരില്‍ ഷാജുവിന്റെ മാതാപിതാക്കളും സിലിയോട് കലഹിച്ചിരുന്നു.

സിലിയുടെ മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തി ആദ്യം പകതീര്‍ത്തു. ഭാര്യയുടെ കാര്യത്തിലും താന്‍ തീര്‍പ്പുണ്ടാക്കുമെന്ന് ഷാജുവിനോട് ജോളി പറഞ്ഞിരുന്നു.

സിലിയുടെ മരണമുണ്ടായതിന് പിന്നാലെ ഷാജുവുമായുള്ള വിവാഹത്തെക്കുറിച്ച് തന്നോട് ആദ്യം സംസാരിച്ചത് സഖറിയാസാണ്. ഷാജുവിനും വിയോജിപ്പുണ്ടായിരുന്നില്ല. സിലിയുടെ മൃതദേഹത്തില്‍ ഒരുമിച്ച് അന്ത്യചുംബനം നല്‍കാനുള്ള തീരുമാനം തന്റേത് മാത്രമായിരുന്നുവെന്നും ജോളി അന്വേഷണസംഘത്തിനോട് സമ്മതിച്ചു.

സിലിയുടെ ആഭരണങ്ങള്‍ ഭര്‍ത്താവ് ഷാജുവിനെ ഏല്‍പ്പിച്ചുവെന്നും ജോളി ഇന്ന് മൊഴി നല്‍കിയിരുന്നു. മരണസമയത്ത് സിലി അണിഞ്ഞിരുന്ന ആഭരണങ്ങള്‍ ആശുപത്രിയില്‍ നിന്നും കൈപ്പറ്റിയത് ജോളിയാണ്. ആശുപത്രി ജീവനക്കാര്‍ കൈമാറിയ ആഭരണങ്ങള്‍ ഷാജുവിനെ ഏല്‍പ്പിച്ചെന്നാണ് ജോളി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

ആഭരണങ്ങള്‍ മുഴുവന്‍ സിലി പള്ളിയിലെ ഭണ്ഡാരത്തിലിട്ടെന്നാണ് ഷാജു സിലിയുടെ അമ്മയെ വിളിച്ച് പറഞ്ഞിരുന്നത്. അതിനാല്‍ ആഭരണങ്ങള്‍ ചോദിച്ച് വരേണ്ടതില്ലെന്നും ഇവിടെ ആഭരണങ്ങളൊന്നുമില്ലെന്നും ഷാജു നേരത്തെ പറഞ്ഞിരുന്നു. മരണസമയത്ത് സിലി അണിഞ്ഞിരുന്ന സ്വര്‍ണവും സിലിയുടെ കൈവശമുണ്ടായിരുന്ന 30 പവനോളം വരുന്ന ആഭരണങ്ങളും കാണാതായെന്ന് അന്വേഷണ സംഘത്തെ ബന്ധുക്കള്‍ അറിയിച്ചിരുന്നു.

സിലിയുടെ കൈവശമുണ്ടായിരുന്ന സഹോദരിയുടെ വളയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഷാജുവും ജോളിയും ചേര്‍ന്ന് ഒരു പുതിയ വള വാങ്ങി സിലിയുടെ സഹോദരന്റെ പക്കല്‍ കൊടുക്കുകയായിരുന്നു.

Top