ജോജു കേസ്; നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍, രണ്ടു പേര്‍കൂടി കീഴടങ്ങും

കൊച്ചി: കോണ്‍ഗ്രസ് വഴിതടയല്‍ സമരം ചോദ്യം ചെയ്ത നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ റിമാന്‍ഡിലായ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി അടക്കമുള്ളവരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

ടോണി ചമ്മിണി, മനു ജേക്കബ്, ജര്‍ജസ്, ജോസ് മാളിയേക്കല്‍ എന്നിവരുടെ ജാമ്യാപേക്ഷയിലാണ് കോടതി ഇന്ന് വാദം കേള്‍ക്കുന്നത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ കക്ഷി ചേരണമെന്ന ജോജു ജോര്‍ജിന്റെ ഹര്‍ജി കോടതി തള്ളിയിരുന്നു.

അതേസമയം, ജോജുവിന്റെ വാഹനം തകര്‍ത്ത സംഭവത്തില്‍ പിടിയിലാകാനുള്ള രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍കൂടി ഇന്ന് കീഴടങ്ങും. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ പി വൈ ഷാജഹാന്‍, അരുണ്‍ വര്‍ഗീസ് എന്നിവരാണ് പിടിയിലാകാനുള്ളത്.

എന്നാല്‍, ജോജുവിനെതിരെ മഹിളാ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ പൊലീസ് ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആരോപണം. മഹിളാ കോണ്‍ഗ്രസ് നേതാക്കളുടെ പരാതി പരിഗണിക്കാത്ത പൊലീസ് നടപടിക്കെതിരെ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം.

കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന മരട് പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനമായി എത്തിയാണ് കൊച്ചി മുന്‍മേയര്‍ ടോണി ചമ്മിണിയും കൂട്ടുപ്രതികളായ കോണ്‍ഗ്രസ് പ്രവത്തകരും കീഴടങ്ങിയത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചാണ് പ്രതികള്‍ കീഴടങ്ങിയത്.

Top