വാഗമണ്ണിലെ ഓഫ് റോഡ് റൈഡ് : ജോജു ജോർജിന് നോട്ടിസ്

 

കോട്ടയം: വാഗമണ്ണിൽ ഓഫ് റോഡ് റൈഡ് നടത്തിയ സംഭവത്തിൽ നടൻ ജോജു ജോർജിന് നോട്ടിസ്. ജോജു ജോർജിനും വാഹന ഉടമയ്ക്കും സംഘടകർക്കും നോട്ടിസ് അയക്കും. മോട്ടോർ വാഹന വകുപ്പാണ് നോട്ടിസ് നൽകുക. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് നോട്ടിസ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഇടുക്കി ആർടിഒ ജോയിന്റ് ആർടിഒയെ നിയോഗിച്ചു. ഓഫ്‌റോഡ് ട്രക്കിംഗ് നിരോധിച്ചുകൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് ലംഘിചതിന് നടപടിയെടുക്കാനും മോട്ടോർ വാഹന വകുപ്പ് ശുപാർശ ചെയ്യും.

നടൻ ജോജു ജോർജിനെതിരെ കെഎസ്‌യു ഇന്നലെ പരാതി നൽകിയിരുന്നു. വാഗമണ്ണിൽ സംഘടിപ്പിച്ച ഓഫ് റോഡ് റൈഡ് നിയമവിരുദ്ധമെന്ന് ആരോപിച്ചായിരുന്നു പരാതി. സുരക്ഷാ സംവിധാനം ഒന്നുമില്ലാതെ സംഘടിപ്പിച്ച പരാതി പ്ലാന്റേഷൻ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് ചൂണ്ടിക്കാട്ടി. ഇടുക്കി ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫിസർ എന്നിവർക്കാണ് പരാതി നൽകിയത്.

വാഗമൺ എം.എം.ജെ എസ്‌റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് ഓഫ് റോഡ് റൈഡ് മത്സരം സംഘടിപ്പിച്ചത്. ഈ മത്സരത്തിലാണ് ജീപ്പ് റാംഗ്ലറുമായി ജോജു ജോർജ് പങ്കെടുത്തത്. ഡ്രൈവിന് ശേഷമുള്ള ജോജുവിന്റെ ആഹ്ലാദവും ആവേശവും പകർത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ഓഫ് റോഡ് റൈഡ് മത്സരം നടന്നയിടം കൃഷിക്ക് മാത്രമെ ഉപയോഗിക്കാവൂ എന്ന നിബന്ധനയുള്ള ഭൂമിയാണെന്നും ഇവിടെയാണ് നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചെന്നും ഇത് പ്ലാൻറേഷൻ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പരാതിയിൽ ആരോപിച്ചിരുന്നു. പിന്നാലെയാണ് നടപടി.

Top