വിമാനം പിടിച്ചു വന്നിട്ടും വോട്ടുചെയ്യാനാവാതെ നടന്‍ ജോജു

തൃശൂര്‍: തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ നടന്‍ ജോജു ജോര്‍ജ് തൃശൂരിലെ മാളയില്‍ എത്തിയത് അമേരിക്കയില്‍ നിന്നാണ്. കുഴൂര്‍ ഗവ. സ്‌കൂളിലെ പോളിങ് ബൂത്തില്‍ എത്തിയപ്പോള്‍ വോട്ടര്‍ പട്ടികയില്‍ പേരില്ല. കുഴൂരിലെ താമസക്കാരനായിരുന്നെങ്കിലും ഇപ്പോള്‍ മാളയിലേക്കു താമസം മാറിയതിനാല്‍ അവിടുത്തെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടാകുമെന്നു കരുതി മാള സ്‌നേഹഗിരിയിലെത്തിയെങ്കിലും അവിടെയും പേരില്ലാത്തതിനാല്‍ നിരാശനായി മടങ്ങി. ജോജുവിന്റെ അച്ഛന്‍, അമ്മ എന്നിവരുടെ പേരു പട്ടികയിലുണ്ടായിരുന്നതിനാല്‍ ഇവര്‍ക്കു കുഴൂരില്‍ തന്നെ വോട്ട് ചെയ്യാനായി. ജോജുവിന്റെ ഭാര്യ അബ്ബയുടെ പേരും പട്ടികയിലുണ്ടായിരുന്നില്ല.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജോജുവും കുടുംബവും ഇവിടെയാണ് വോട്ട് ചെയ്തത്. മാള പഞ്ചായത്തിലെ സ്‌നേഹഗിരി വാര്‍ഡില്‍ പുതിയ വീടുവെച്ച് ജോജു താമസം മാറിയിരുന്നു. ഇതാകാം നേരത്തെ താമസിച്ചിരുന്ന കുഴൂര്‍ പഞ്ചായത്തിലെ തുമ്പരശ്ശേരി വാര്‍ഡിലെ പട്ടികയില്‍നിന്ന് പേര് നീക്കംചെയ്തതിന് കാരണം.

Top