സെപ്തംബര്‍ 25ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സെപ്തംബര്‍ 25ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഭാരത് ബന്ദ്. സിംഗുവില്‍ ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ നേതാക്കള്‍ക്കു പുറമേ, തൊഴിലാളി സംഘടനാ നേതാക്കളും പങ്കെടുത്തു.

ഭാരത് ബന്ദിലൂടെ കര്‍ഷക പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ലക്ഷ്യം. കഴിഞ്ഞവര്‍ഷം ഇതേ ദിവസം നടത്തിയ ബന്ദ് കൊവിഡ് മഹാമാരിയെ തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ഈ വര്‍ഷം വിജയകരമായി ബന്ദ് നടക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് അശിഷ് മിത്തല്‍ വിശ്വാസം പ്രകടിപ്പിച്ചു. ഒരു വര്‍ഷമായി ഡല്‍ഹിയിലെ സിംഗു അതിര്‍ത്തിയില്‍ കര്‍ഷക പ്രതിഷേധം തുടരുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കര്‍ഷക കണ്‍വെന്‍ഷനില്‍ കര്‍ഷകരോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിസ്സഹകരണ മനോഭാവം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവെന്ന് കര്‍ഷക മോര്‍ച്ച നേതാക്കള്‍ വ്യക്തമാക്കി. വിവാദമായ മൂന്നു കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്ന് കര്‍ഷക നേതാവ് മിത്തല്‍ ആവശ്യപ്പെട്ടു. കൂടാതെ വൈദ്യുതി, വിളകളുടെ എം എസ് പി തുടങ്ങിയവയിലും കര്‍ഷക സംഘടനകളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാന്‍ തയ്യാറാകണമെന്ന് മിത്തല്‍ വ്യക്തമാക്കി.

Top