പ്രതിഷേധത്തിനിടെ ജെഇഇ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; കേരളത്തിലടക്കം 660 കേന്ദ്രങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും. കേരളത്തിലുള്‍പ്പെടെ രാജ്യത്ത് ആകെ 660 പരീക്ഷ കേന്ദ്രങ്ങളാണുള്ളത്. ഈ മാസം 6 വരെയാണ് പരീക്ഷ നടക്കുക. രാജ്യത്തൊട്ടാകെ ഏഴ് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്തതായി ദേശീയ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.

കര്‍ശനമായി കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരമാകും പരീക്ഷ നടത്തുക. ഇതിനായി എല്ലാ നടപടികളും സ്വീകരിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി. കോവിഡ് പശ്ചാത്തലത്തില്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്തുന്നതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെ വിവിധ പ്രതിപക്ഷ കക്ഷികള്‍ വലിയ പ്രതിഷേധമാണ് രാജ്യത്തൊട്ടാകെ ഉയര്‍ത്തിയിരുന്നത്.

വയനാടൊഴിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജെഇഇ പരീക്ഷയ്ക്ക് കേന്ദ്രങ്ങളുണ്ട്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്കാണ് പരീക്ഷയുടെ നടത്തിപ്പ് ചുമതല. കോവിഡ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച്, കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ പരീക്ഷ നടത്തുന്ന എന്‍ടിഎക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top