കുവൈത്തും ചൈനയും തമ്മിലുള്ള സംയുക്ത സഹകരണം ശക്തമാക്കും

കുവൈത്ത്: കുവൈത്തും ചൈനയും തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ വശങ്ങളെ കുറിച്ച് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് അഹ്മദ് ഫഹദ് അല്‍ അഹ്മദ് അസ്സബാഹ്, ഇന്റര്‍നാഷനല്‍ കോഓപറേഷന്‍ ഇക്കണോമിക് ആന്‍ഡ് ഡെവലപ്മെന്റ് റിഫോം കമ്മിറ്റിയിലെ ചൈനീസ് ഉദ്യോഗസ്ഥനുമായി ചര്‍ച്ച നടത്തി.

ഇരുവിഭാഗവും നടത്തിയ കൂടിക്കാഴ്ചയില്‍ ചൈനയുമായുള്ള വിശിഷ്ട ബന്ധം അവലോകനം ചെയ്തതായി കുവൈത്ത് സുപ്രീം കൗണ്‍സില്‍ ഫോര്‍ പ്ലാനിങ് ആന്‍ഡ് ഡെവലപ്മെന്റ് ജനറല്‍ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

കിരീടാവകാശി ശൈഖ് മിശ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്റെ ചൈന സന്ദര്‍ശനവും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയും ഇരുവിഭാഗവും സൂചിപ്പിച്ചു. സാമ്പത്തിക ബന്ധങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, പാര്‍പ്പിടം, പുനരുപയോഗ ഊര്‍ജം, തുറമുഖങ്ങള്‍ തുടങ്ങി നിരവധി മേഖലകള്‍ ഉള്‍ക്കൊള്ളുന്ന ഏഴ് സംയുക്ത കരാറുകളില്‍ സന്ദര്‍ശനത്തില്‍ ഒപ്പുവെച്ചിരുന്നു.

കരാറുകള്‍ നടപ്പാക്കുന്നതിനും പൂര്‍ത്തീകരണം ത്വരിതപ്പെടുത്തുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന്റെയും പ്രാധാന്യം പ്രതിരോധ മന്ത്രി ഉണര്‍ത്തി. സെയ്ഫ് പാലസില്‍ നടന്ന യോഗത്തില്‍ മന്ത്രിമാരും കുവൈത്തിലെ ചൈനയുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഇരുഭാഗത്തുമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

Top