സൈന്യത്തില്‍ ചേര്‍ന്നത് അനധികൃതമായി; നേപ്പാള്‍ യുവാക്കള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ തയാറാവുന്നില്ല:റഷ്യ

കാഠ്മണ്ഡു: സൈന്യത്തില്‍ ചേരാന്‍ അനധികൃതമായി റഷ്യയിലെത്തിയ നേപ്പാള്‍ പൗരന്മാരില്‍ പലരും സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ തയാറാവുന്നില്ലെന്ന് റഷ്യന്‍ അംബാസഡര്‍ അലക്സി നോവിക്കോവ്. നേപ്പാള്‍ ധനകാര്യമന്ത്രി ബര്‍സമാന്‍ പണ്ണുമായുള്ള കൂടികാഴ്ചയിലായിരുന്നു റഷ്യന്‍ അംബാസഡറുടെ പ്രതികരണം. റഷ്യന്‍ സൈനിക സേനയില്‍ റിക്രൂട്ട് ചെയ്ത നേപ്പാളി യുവാക്കളെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ റഷ്യന്‍ സര്‍ക്കാരിനോട് പണ്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഉഭയകക്ഷി കരാറില്ലാതെ റഷ്യന്‍ സൈന്യത്തില്‍ നേപ്പാളി യുവാക്കളെ റിക്രൂട്ട് ചെയ്‌തെന്ന റിപ്പോര്‍ട്ടുകളില്‍ പണ്‍ ആശങ്ക പ്രകടിപ്പിച്ചു.റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയ്ക്കു വേണ്ടി പോരാടുന്നതിനിടെ 19 -ല്‍ അധികം നേപ്പാള്‍ യുവാക്കള്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട നേപ്പാള്‍ പൗരന്മാരുടെ മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് അയക്കുന്നതിനും പരിക്കേറ്റവര്‍ക്ക് ചികിത്സാ സൗകര്യങ്ങള്‍ നല്‍കുന്നതിനും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പണ്‍ ആവശ്യപ്പെട്ടു.

നേപ്പാള്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അമൃത് ബഹാദൂര്‍ റായ് പറയുന്നതനുസരിച്ച്, റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന 270 നേപ്പാളി യുവാക്കള്‍ മോസ്‌കോയിലെ നേപ്പാള്‍ എംബസിയുടെ കോണ്‍സുലര്‍ വിഭാഗത്തില്‍ നാട്ടിലേക്ക് മടങ്ങുന്നതിന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇവരില്‍ അമ്പതോളം പേര്‍ ഇതിനകം നാട്ടിലേക്ക് മടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 600-ലധികം നേപ്പാളി യുവാക്കള്‍ റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.നേപ്പാളിലെ ജലവൈദ്യുത ഉല്‍പാദനത്തിലും രാസവള നിര്‍മാണത്തിലും നിക്ഷേപം നടത്താനും റഷ്യന്‍ സര്‍ക്കാരിനോട് ധനമന്ത്രി പണ്‍ അഭ്യര്‍ഥിച്ചു. ‘രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിക്ക് ഞങ്ങള്‍ ഒരു അന്താരാഷ്ട്ര വിപണി ഉറപ്പുനല്‍കിയിട്ടുണ്ട്. നേപ്പാളിലെ ജലവൈദ്യുത മേഖല അന്താരാഷ്ട്ര നിക്ഷേപത്തിന് അനുയോജ്യമായ മേഖലയാണ്’ അദ്ദേഹം നോവിക്കോവിനോട് പറഞ്ഞു.

റഷ്യന്‍ സൈന്യത്തില്‍ നേപ്പാള്‍ പൗരന്മാര്‍ എത്തുന്നതില്‍ നേപ്പാള്‍ സര്‍ക്കാരിനോ റഷ്യന്‍ സര്‍ക്കാരിനോ പങ്ക് ഇല്ലെന്നും റഷ്യന്‍ അംബാസഡര്‍ പറഞ്ഞു. സൈന്യത്തില്‍ ചേരാന്‍ റഷ്യന്‍ സര്‍ക്കാര്‍ ആരെയും നിര്‍ബന്ധിച്ചിട്ടില്ല. ഇന്ത്യയും ദുബായും ഉള്‍പ്പെടെയുള്ള അനധികൃത റൂട്ടുകളിലൂടെ റഷ്യയില്‍ എത്തുന്ന നേപ്പാളികള്‍ സ്വയം സൈന്യത്തില്‍ ചേരുന്നതാണ്. സൈന്യത്തില്‍ ചേരാന്‍ അനധികൃത മാര്‍ഗങ്ങളിലൂടെ റഷ്യയിലെത്തിയ നേപ്പാള്‍ പൗരന്മാരില്‍ പലരും സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യം കാണിക്കുന്നില്ലെന്നും അലക്സി നോവിക്കോവ് പറയുന്നു.യുക്രൈന്‍ സൈന്യം ബന്ദികളാക്കായ നേപ്പാളി പൗരന്മാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും നോവിക്കോവ് അറിയിച്ചു. ബന്ദികളാക്കിയ അഞ്ച് നേപ്പാള്‍ പൗരന്മാരുടെ ചിത്രം യുക്രൈന്‍ പുറത്തുവിട്ടിരുന്നു. റഷ്യ ബന്ദികളാക്കിയ യുക്രൈന്‍ സൈനികാംഗങ്ങളെ വിട്ട് കൊടുത്ത് യുക്രൈന്‍ സൈന്യം ബന്ദികളാക്കിയവരെ മോചിപ്പിക്കാനാണ് ശ്രമം.

Top