ജോണി നെല്ലൂർ കേരള കോൺഗ്രസ് വിട്ടു; എന്‍ഡിഎയില്‍ എത്തിയേക്കുമെന്ന് സൂചന

johny nellore

കൊച്ചി∙ കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂർ പാർട്ടി വിട്ടു. യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വംവും ജോണി നെല്ലൂർ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ജോണി നെല്ലൂർ അറിയിച്ചു. ദേശീയ തലത്തിൽ നിൽക്കുന്ന ഒരു ദേശീയ മതേതര പാർട്ടി രൂപീകരിക്കുമെന്ന് പാർട്ടി വിട്ട ശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി എത്തുന്നതിനു മുൻപ് പ്രഖ്യാപനമുണ്ടാകുമെന്നും പാര്‍ട്ടി എന്‍ഡിഎയില്‍ ചേരുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉണ്ടായിരുന്ന കാലത്തെ സമീപനമല്ല ഇപ്പോഴുള്ളതെന്നും ജോണി നെല്ലൂർ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. ഘടകകക്ഷികൾക്ക് യുഡിഎഫിൽ നിന്ന് അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്നും ജോണി നെല്ലൂർ പറഞ്ഞു.

‘എന്നും കർഷകർക്കൊപ്പമാണ്. കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തുന്ന ഒരു ദേശീയ പാർട്ടിയാണ് ലക്ഷ്യം. റബറിന്റെ വില 300 രൂപയെങ്കിലും വർധിപ്പിക്കണമെന്നാണ് ഞാൻ‌ അടക്കമുള്ളവരുടെ ആവശ്യം. റബറിനെ ഇന്നും കാർ‌ഷിക ഉൽപന്നമായി പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിലെ കാർഷിക മേഖല തകർന്നടിഞ്ഞു. കർഷകർക്കു വേണ്ടി ശബ്ദിക്കുന്ന ദേശീയ കാഴ്ചപ്പാടുള്ള പാർട്ടി ആവശ്യമാണെന്ന ചിന്തയാണ് പുതിയ പാർട്ടി എന്ന ആശയത്തിലേക്ക് പ്രേരിപ്പിച്ചത്.

എല്ലാ സമുദായത്തിൽപ്പെട്ട ആളുകളുമായി മതേതര പാർട്ടി രൂപീകരിക്കും. ആദ്യം ക്രൈസ്തവരുമായി യോഗം ചേർന്നു. പിന്നീട് രാഷ്ട്രീയ പാർട്ടിയായി രൂപീകരിക്കണമെന്ന് തീരുമാനിച്ചപ്പോൾ ക്രൈസ്തവർക്കു പുറമേ മറ്റു സംഘടനകളിലെ ആളുകളുമായി ചേർന്ന് ഒരു ദേശീയ പാർട്ടി രൂപീകിരിക്കാൻ തീരുമാനിച്ചു. സിപിഐ, സിപിഎം, മുസ്‌ലിം ലീഗ്, കോൺഗ്രസ് എന്നീ പാർട്ടികളിൽനിന്നുള്ള അംഗങ്ങളും പുതിയ പാർട്ടിയുടെ ഭാഗമാകും’–ജോണി നെല്ലൂർ പറഞ്ഞു.

ബിജെപിയുടെ പിന്തുണയോടെ പുതിയ ക്രൈസ്തവ പാർട്ടി രൂപീകരിക്കുമെന്ന് അഭ്യൂഹം നിലനിൽക്കെയാണ് ജോണി നെല്ലൂരിന്റെ പ്രഖ്യാപനം. നാഷനൽ പ്രോഗ്രസീവ് പാർട്ടി (എൻപിപി) എന്നാണ് പുതിയ പാർട്ടിയുടെ പേരെന്നാണ് വിവരം. കഴിഞ്ഞ കുറച്ചു നാളുകളായി പുതിയ പാർട്ടി രൂപീകരിക്കാനുള്ള അണിയറ നീക്കങ്ങൾ സജീവമായി നടക്കുന്നുണ്ട്.

രാജി പ്രഖ്യാപിച്ചുള്ള കത്തിന്റെ പൂര്‍ണ്ണ രൂപം

കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനവും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവയ്ക്കുന്നു. അതോടൊപ്പം കഴിഞ്ഞ 30 വര്‍ഷമായി യുഡിഎഫ് ഉനന്താധികാര സമിതി അംഗത്വും , 2018 മുതല്‍ വഹിച്ചുവരുന്ന യുഡിെഫ് സെക്രട്ടറി സ്ഥാ നവും രാജിവയ്ക്കുന്നു. തികച്ചും വ്യക്തിപരമായ കാരണങ്ങളാലണ് രാജിവയ്ക്കുന്നത്. ഇക്കാലമത്രയും നാനാവിധ സഹായ സഹകരണങ്ങളും പ്രോത്സാഹനവും നല്‍കി സഹായിച്ച സംസ്ഥാനത്തെ മുഴുവന്‍ യുഡിഎഫ് നേതാക്കളോടും പ്രവര്‍ത്തകരോടും നന്ദി പറയുന്നു. എന്റെ രാഷ്ട്രീയ വളര്‍ച്ചയില്‍ എനിക്ക് സഹായവും സഹകരണവും നല്‍കിയ മുഴുവന്‍ കേരള കോണ്‍ഗ്രസ് നേതാക്കളോടും പ്രവർത്തകരോടും നന്ദിയും കടപ്പാടും അറിയിക്കുന്നു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉണ്ടായിരുന്ന കാലത്തെ സമീപനമല്ല ഇപ്പോഴുള്ളതെന്ന കാര്യത്തില്‍ ആത്മപരിശോധന നല്ലതാണ്.

Top