സോഫ്റ്റ്‌വെയർ വിപ്ലവത്തിലെ സൂപ്പർതാരം ജോൺ വാർനോക് അന്തരിച്ചു

സാൻഫ്രാൻസിസ്കോ : സ്കൂളിൽ കണക്കിനു മാർക്കു കുറഞ്ഞപ്പോൾ അധ്യാപകരുടെ രൂക്ഷമായ പരിഹാസവും എൻജിനീയറിങ്ങിനു പോകരുതെന്ന ഉപദേശവും കേൾക്കേണ്ടി വന്ന കുട്ടിയിൽനിന്നു കംപ്യൂട്ടർ സോഫ്റ്റ്‌വെയർ വിപ്ലവത്തിലെ സൂപ്പർതാരമായി മാറിയ ജോൺ വാർനോക് (82) അന്തരിച്ചു.

ചാൾസ് ഗെഷ്കെയ്ക്ക് ഒപ്പം 1982ൽ അഡോബി സിസ്റ്റംസ് സ്ഥാപിച്ചതോടെയാണു വാർനോക് ലോകപ്രശസ്തിയിലേക്ക് ഉയർന്നത്. ഇവരുടെ വീടിനു പിന്നിലൂടെ ഒഴുകിയിരുന്ന അരുവിയുടെ പേരാണ് അഡോബി.

ഡെസ്ക്ടോപ് പബ്ലിഷിങ്ങിൽ അക്രോബാറ്റ്, ഫോട്ടോഷോപ്, ഇൻഡിസൈൻ തുടങ്ങിയ സോഫ്റ്റ്‍വെയറുകൾ അവതരിപ്പിച്ച് അഡോബി സിസ്റ്റംസ് കംപ്യൂട്ടർ ഉപയോഗത്തിലെ അവിഭാജ്യഘടകമായി.

രേഖകളെയും വിവരങ്ങളെയും പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ് (പിഡിഎഫ്) രൂപത്തിലാക്കുന്ന അഡോബി സാങ്കേതികവിദ്യയെ ലോകം സ്വീകരിച്ചു. രണ്ടു വർഷം മുൻപ്, 81ാം വയസ്സിൽ ചാൾസ് ഗെഷ്കെ അന്തരിച്ചു.

1940 ഒക്ടോബർ 6ന് യൂട്ടായിലെ സോൾട്ട് ലേക്ക് സിറ്റിയിലാണു വാർനോക്കിന്റെ ജനനം. സ്കൂളിൽ കണക്കിനു തീരെ മോശമായിരുന്ന അദ്ദേഹത്തിന് രസകരമായി ഗണിതക്ലാസുകൾ എടുത്തിരുന്ന ബാർട്ടൻ എന്ന അധ്യാപകനെ കിട്ടിയതാണു വഴിത്തിരിവായത്.

പിന്നീട് യൂട്ടാ യൂണിവേഴ്സിറ്റിയിൽനിന്നു കണക്കിൽ ബിരുദാനന്തരബിരുദവും ഇലക്ട്രിക്കൽ എൻജിനീയറിങ്ങിലും കംപ്യൂട്ടർ സയൻസിലും പിഎച്ച്ഡിയും (1969) എടുത്ത വാർനോക് അതേ സർവകലാശാലയിൽ അധ്യാപകനുമായി.

1993ലാണ് അഡോബി അക്രൊബാറ്റ് അവതരിപ്പിച്ചത്. 1996 ആയപ്പോഴേക്കും 20 ലക്ഷം ഉപയോക്താക്കളായി. കമ്പനി സിഇഒ സ്ഥാനത്തുനിന്ന് 2000ൽ വിരമിച്ചു. 2017 വരെ ഗെഷ്കെയ്ക്കൊപ്പം ബോർഡ് ചെയർമാൻ ആയിരുന്നു.

Top