ജോണ്‍ ലൂഥര്‍ ഗള്‍ഫ് റിലീസ് ജൂണ്‍ 2ന്

യസൂര്യയെ നായകനാക്കി നവാഗതനായ അഭിജിത്ത് ജോസഫ് സംവിധാനം ചെയ്ത ജോൺ ലൂഥറിന്റെ ഗൾഫ് റിലീസ് ജൂൺ 2ന്. ജയസൂര്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ചിത്രം സ്വീകരിച്ച കേരളത്തിലെ പ്രേക്ഷകർക്ക് ജയസൂര്യ നേരത്തെ നന്ദി അറിയിച്ചിരുന്നു.

അങ്ങനെ ഒരു പുതിയ സംവിധായകൻ കൂടി മലയാളത്തിലേക്ക് എത്തിയിരിക്കുകയാണ്. അഭിജിത്ത് ജോസഫ്. ജോൺ ലൂഥർ ഒരുപാട് പേര് കണ്ടിട്ട് എനിക്ക് മെസേജുകളിലൂടെയും കോളുകളിലൂടെയുമൊക്കെ അറിയിച്ചു, പടം ഇഷ്ടമായി എന്നു പറഞ്ഞിട്ട്. എല്ലാവർക്കും നന്ദി. കാണാത്ത ഒരുപാടധികം ആളുകളുണ്ടാവും. തീർച്ഛയായിട്ടും സിനിമ കാണുക. ഇതൊരു മഹത്തരമായ സിനിമ എന്നൊന്നും അവകാശപ്പെടുന്നില്ല. ഞങ്ങളുടെ ഒരു കുട്ടി ശ്രമമാണ്. എല്ലാവർക്കും ഇഷ്ടമായി എന്നറിഞ്ഞതിൽ വലിയ സന്തോഷം. അഭിജിത്തിൽ നിന്നും ഇനിയും ഒരുപാടൊരുപാട് സിനിമകൾ സംഭവിക്കട്ടെ. ഇതുപോലെ പുതിയ സംവിധായകർ ഇനിയും കടന്നുവരട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു, പ്രാർഥിക്കുന്നു, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‍ത ഒരു വീഡിയോയിലൂടെ ജയസൂര്യ പറഞ്ഞിരുന്നു.

കേരളത്തിൽ 150 സ്ക്രീനുകളിൽ മെയ് 27നാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ഒരു കേസന്വേഷണത്തിനിടെ ഏൽക്കുന്ന പരിക്കിൽ നിന്ന് കേൾവിത്തകരാറ് സംഭവിക്കുകയാണ് ജയസൂര്യ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്. ജയസൂര്യയുടെ എക്കാലത്തെയും വേറിട്ട കഥാപാത്രങ്ങളിൽ ഒന്നാണ് ജോൺ ലൂഥർ. ഇതിനോട് പടവെട്ടി അയാൾ അന്തിമ വിജയം നേടുമോ എന്നതിലേക്ക് പ്രേക്ഷകരുടെ ആകാംക്ഷയെ ക്ഷണിക്കുകയാണ് ചിത്രത്തിൽ സംവിധായകൻ. ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോൽ, സിദ്ദിഖ്, ശിവദാസ് കണ്ണൂർ, ശ്രീലക്ഷ്‍മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വാഗമൺ ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

അലോൻസ ഫിലിംസിൻറെ ബാനറിൽ തോമസ്സ് പി മാത്യു നിർമ്മിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം റോബി വർഗീസ് രാജ് ആണ്. സഹനിർമ്മാണം ക്രിസ്റ്റീന തോമസ്, സംഗീതം ഷാൻ റഹ്മാൻ, എഡിറ്റിംഗ് പ്രവീൺ പ്രഭാകർ. പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോൻ, കലാസംവിധാനം അജയ് മങ്ങാട്, മേക്കപ്പ് ലിബിൻ മോഹനൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, സരിത ജയസൂര്യ, സ്റ്റിൽസ് നവീൻ മുരളി, സൗണ്ട് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജിബിൻ ജോൺ, ആക്ഷൻ ഫീനിക്സ് പ്രഭു, പരസ്യകല ആനന്ദ് രാജേന്ദ്രൻ, വിതരണം സെഞ്ച്വറി റിലീസ്, വാർത്താ പ്രചരണം എ എസ് ദിനേശ്.

Top