നരേന്ദ്രമോദി സര്‍ക്കാരിന്റെ ചൈനയോടുള്ള നിലപാടില്‍ അഭിമാനമുണ്ടെന്ന് ജോണ്‍ കെന്നഡി

വാഷിങ്ടന്‍: നരേന്ദ്ര മോദി സര്‍ക്കാര്‍ ചൈനയോടു വിട്ടുവീഴ്ചയില്ലാതെ നിലപാട് സ്വീകരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് അമേരിക്കയിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ കെന്നഡി. ചൈനയെ ഭയരഹിതമായി കൈകാര്യം ചെയ്യുന്നതില്‍ മറ്റു രാജ്യങ്ങള്‍ക്ക് ഇതു മാതൃകയാകുമെന്നും അദ്ദേഹം പറഞ്ഞു. ലഡാക്ക് അതിര്‍ത്തിയില്‍ കടന്നുകയറിയ പ്രദേശങ്ങളില്‍നിന്നു ചൈന പിന്നോട്ടു പോയ പശ്ചാത്തലത്തിലാണ് ജോണ്‍ കെന്നഡിയുടെ പ്രസ്താവന.

കാനഡയും സമാനമായി പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനമുണ്ടെന്നു ജോണ്‍ പറഞ്ഞു. എല്ലാ രാജ്യങ്ങളും ഓടി മൂലയില്‍ ഒളിക്കാന്‍ ശ്രമിക്കുന്നില്ല. നിയമവിധേയമായി പ്രവര്‍ത്തിക്കണമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ബോധ്യപ്പെടുത്താന്‍ അമേരിക്കയ്ക്കും രാജ്യാന്തര സമൂഹത്തിനും കഴിയണം. ഭൂരിപക്ഷം രാജ്യങ്ങള്‍ക്കും ചൈനയെ വിശ്വാസമില്ല.

എന്നാല്‍ അവര്‍ക്കു ഭയമാണ്. സമ്പത്ത് ഉപയോഗിച്ച് ചൈന എല്ലാവരെയും നിയന്ത്രിക്കുകയാണ്. ചില രാജ്യങ്ങള്‍ ഇതിന് അപവാദമാണന്നും ജോണ്‍ കെന്നഡി പറഞ്ഞു. ഓസ്ട്രേലിയയും കാനഡയും ശക്തമായ നിലപാടാണു സ്വീകരിച്ചത്. ഇന്ത്യയും ഭയരഹിതമായി നില കൊളളുന്നു. ഈ സാഹചര്യത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കുകയാണ് അമേരിക്ക ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Top