ഗവർണറുടെ നടപടിയെ മാധ്യമങ്ങൾ സംയുക്തമായി നേരിടണമെന്ന് ജോൺ ബ്രിട്ടാസ്

കൊച്ചി: മാധ്യമവിലക്കിനെ മാധ്യമങ്ങൾ സംയുക്തമായി നേരിടണമെന്ന് ജോൺ ബ്രിട്ടാസ് എംപി. ജനാധിപത്യത്തെയും മാധ്യമസ്വാതന്ത്രത്തേയും അംഗീകരിക്കാത്ത ഗവർണർ വലിയൊരു വെല്ലുവിളിയാണ് നടത്തിയതെന്നും ഇതിനെതിരെ മാധ്യമങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.

മാധ്യമങ്ങളെ ഇറക്കിവിട്ടു എന്ന് പറയുന്നത് തന്നെ കേരളത്തിലെ മാധ്യമങ്ങൾക്ക് നേരെയുള്ള കടന്നാക്രമണമാണ്. റിപ്പോർട്ടർ ഒഴികെയുള്ള മറ്റു മാധ്യമങ്ങൾ ഗവർണറുടെ ജൽപനങ്ങൾക്ക് വിധേയരാവുന്നു എന്നത് തന്നെ അത്ഭുതപ്പെടുത്തി എന്നും അദ്ദേഹം പറഞ്ഞു.

മീഡിയവൺ, കൈരളി എന്നീ ചാനലുകളോട് സംസാരിക്കില്ലെന്നും ഇരു ചാനലിന്റെയും പ്രതിനിധികൾ ഇറങ്ങിപ്പോകണമെന്നും ഗവർണർ പറഞ്ഞു. ഗവർണർക്കെതിരെ ക്യാമ്പയിൻ നടത്തുന്നു എന്ന് ആരോപിച്ചാണ് ചാനലുകളോട് ഇറങ്ങിപ്പോകാൻ പറഞ്ഞത്. രാജ്ഭവനിൽനിന്ന് ലഭിച്ച മെയിലിന്റെ അടിസ്ഥാനത്തിലാണ് മീഡിയവൺ റിപ്പോർട്ടർ ഗവർണറുടെ വാർത്താസമ്മേളനത്തിനെത്തിയത്. എന്നാൽ വാർത്താസമ്മേളനം തുടങ്ങിയപ്പോൾ കേഡർ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പറഞ്ഞ ഗവർണർ മീഡിയവണും കൈരളിയും ഇവിടെനിന്ന് ഇറങ്ങിപ്പോകണമെന്ന് ക്ഷുഭിതനായി പറയുകയായിരുന്നു.

Top