ബി ജെ പി സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ ഉയരുന്ന ശക്തമായ ശബ്ദം ഇടതുപക്ഷത്തിന്റേത്: ജോണ്‍ ബ്രിട്ടാസ്

തിരുവനന്തപുരം: വര്‍ഗീയതയ്ക്കും ഫാസിസത്തിനുമെതിരായ പ്രതിരോധം ശക്തമാക്കാന്‍ പാര്‍ലമെന്റിലെ ഇടതുപക്ഷത്തിന്റെ സാന്നിധ്യം ശക്തിപ്പെടണമെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. എല്‍ ഡി എഫ് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം മീഡിയാ റൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി ജെ പി സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ ഉയരുന്ന ശക്തമായ ശബ്ദം ഇടതുപക്ഷത്തിന്റേതാണ്. അതിനിയും ശക്തമാകേണ്ടതുണ്ട്. തിരുവനന്തപുരത്തിന്റ വികസനത്തിന് കാര്യമായ സംഭാവന നല്‍കാത്ത എംപിയാണ് ഇപ്പോഴുള്ളത്. അദ്ദേഹത്തിന്റെ നിഷ്‌ക്രിയത്വം പല പദ്ധതികളും നഷ്ടപ്പെടുത്തിയെന്നും ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം ജില്ലയില്‍ 27,77,108 വോട്ടര്‍മാരാണുള്ളത്. അതില്‍ 14,59,339 സ്ത്രീ വോട്ടര്‍മാരും 13,17,709 പുരുഷ വോട്ടര്‍മാരും 60 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഭിന്നശേഷി വോട്ടര്‍മാരുടെ എണ്ണത്തില്‍ മൂന്ന് ഇരട്ടിയിലധികം വര്‍ധനയാണുള്ളത്. 25,363 ആണ് ഭിന്നശേഷി വോട്ടര്‍മാരുടെ എണ്ണം. 85ന് മുകളില്‍ പ്രായമായ 31,534 വോട്ടര്‍മാരും 23,039 യുവ വോട്ടര്‍മാരുമാണുള്ളത്. സര്‍വീസ് വോട്ടര്‍മാരുടെ എണ്ണം 8,422 ആണ്.

ജില്ലയില്‍ 2,730 പോളിങ് സ്റ്റേഷനുകളാണുള്ളത്. കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം, പാറശാല, കോവളം, നെയ്യാറ്റിന്‍കര അസംബ്ലി നിയോജക മണ്ഡലങ്ങളാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലുള്‍പ്പെടുന്നത്. വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയോജക മണ്ഡലങ്ങള്‍ ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലും ഉള്‍പ്പെടുന്നു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ 1,307 പോളിങ് സ്റ്റേഷനുകളും ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ 1,423 പോളിങ് സ്റ്റേഷനുകളുമുണ്ട്.

Top