രാജ്യസഭയിലേക്ക് ജോണ്‍ ബ്രിട്ടാസിനെ നിയോഗിച്ചത് ‘ചരിത്രപരമായ മണ്ടത്തരം’

രാജ്യസഭയിലേക്ക് ഒരാളെ പറഞ്ഞയക്കുന്നതിന് സി.പി.എം പരിഗണിക്കുന്ന മാനദണ്ഡം എന്താണെന്നത് ആ പാര്‍ട്ടിയുടെ നേതൃത്വം തന്നെയാണ് ഇനി വ്യക്തമാക്കേണ്ടത്. ജോണ്‍ ബ്രിട്ടാസിനെ രാജ്യസഭയിലേക്ക് പറഞ്ഞയക്കാന്‍ തീരുമാനിച്ച സ്ഥിതിക്ക് ഇതു സംബന്ധിച്ച വ്യക്തതയും അനിവാര്യവുമാണ്. ജോണ്‍ ബ്രിട്ടാസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഏറ്റവും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത് ഇടതു അനുകൂല പ്രൊഫൈലുകളില്‍ നിന്നാണ്. ഫെയ്സ് ബുക്കിലെ ഈ പ്രതിഷേധത്തെ സി.പി.എം നേതൃത്വത്തിനും കണ്ടില്ലെന്ന് നടിക്കാന്‍ കഴിയുകയില്ല. അര്‍ഹരായ നിരവധി നേതാക്കളെ പടിക്ക് പുറത്തിരുത്തിയാണ് സി.പി.എം ഇപ്പോള്‍ ബ്രിട്ടാസിനെ രാജ്യസഭയിലേക്ക് അയക്കുന്നത്. അതുകൊണ്ട് തന്നെയാണ് ചെമ്പടയില്‍ നിന്നു തന്നെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരിക്കുന്നത്.

ഒരു കേഡര്‍ പാര്‍ട്ടി എന്ന നിലയില്‍ പാര്‍ട്ടി എടുക്കുന്ന എല്ലാ തീരുമാനങ്ങളും അനുസരിക്കാന്‍ സി.പി.എം അണികള്‍ ബാധ്യസ്ഥരാണ്. പാര്‍ട്ടിയുടെ ഈ അച്ചടക്കത്തെയാണ് നേതൃത്വമിപ്പോള്‍ ചൂഷണം ചെയ്തിരിക്കുന്നത്. മേല്‍ക്കമ്മറ്റി എടുത്ത തീരുമാനമാണ് അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. കീഴ്ഘടകങ്ങളില്‍ നിന്നും അഭിപ്രായം തേടിയാണ് രാജ്യസഭയിലേക്ക് ആളുകളെ പരിഗണിക്കുന്നതെങ്കില്‍ ഒരു കാരണവശാലും ജോണ്‍ ബ്രിട്ടാസ് പരിഗണിക്കപ്പെടുമായിരുന്നില്ല. അക്കാര്യവും ഉറപ്പാണ്. ദാരിദ്ര്യത്തോട് പടപൊരുതി എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റു വരെയായ വി ശിവദാസനെ രാജ്യസഭയിലേക്ക് പറഞ്ഞയക്കാന്‍ എടുത്ത ശരിയായ നിലപാടല്ല ബ്രിട്ടാസിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ബ്രിട്ടാസിനു പകരം പരിഗണിക്കേണ്ട ഒരുപിടി നേതാക്കള്‍ ദേശീയ തലത്തില്‍ തന്നെ സി.പി.എമ്മിനുണ്ട്.

കര്‍ഷക സമരത്തിലൂടെ മോദി ഭരണകൂടത്തെ വിറപ്പിച്ച വിജു കൃഷ്ണന്‍, പി.കൃഷ്ണപ്രസാദ്, സി.പി.എം കേന്ദ്ര കമ്മറ്റി അംഗം എ.ആര്‍ സിന്ധു എന്നിവര്‍ ഇതില്‍ ചിലരാണ്. ഒരു ടേം പൂര്‍ത്തിയാക്കിയ കെ.കെ രാഗേഷിനും ഒരവസരം കൂടി നല്‍കാമായിരുന്നു. എന്നാല്‍ അതും ഉണ്ടായിട്ടില്ല. നൂറ് കണക്കിനു കര്‍ഷകര്‍ ജീവത്യാഗം ചെയ്ത സമരമുഖത്ത് ഇപ്പോഴും ആവേശം വിതറുന്ന നേതാക്കളാണ് ഇവരെല്ലാം. ഗാസിപ്പൂര്‍ ഉള്‍പ്പെടെയുള്ള സമരകേന്ദ്രങ്ങള്‍ പൊളിച്ചു മാറ്റാനുള്ള പൊലീസ് നീക്കം തകര്‍ക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് സി.പി.എം കര്‍ഷക സംഘടനയായ കിസാന്‍സഭ വഹിച്ചിരുന്നത്. കിസാന്‍ സഭാ പ്രസിഡന്റ് അശോക് ധാവ്ളെ, ജനറല്‍ സെക്രട്ടറി ഹനന്‍ മൊള്ള, ജോയിന്റ് സെക്രട്ടറിമാരായ വിജൂ കൃഷ്ണന്‍, കെ കെ രാഗേഷ്, ഫിനാന്‍സ് സെക്രട്ടറി പി കൃഷ്ണപ്രസാദ് എന്നിവര്‍, ഷാജഹാന്‍പൂരിലെ സമര കേന്ദ്രത്തില്‍ നിന്നും ഗാസിപുരിലെ സമര കേന്ദ്രത്തിലെത്തിയതോടെയാണ് നിര്‍ണ്ണായക നീക്കമുണ്ടായിരുന്നത്.

രാജ്യസഭാംഗം എന്ന പദവി ഉപയോഗപ്പെടുത്തി കെ.കെ രാഗേഷ് നടത്തിയ ഇടപെടലാണ് കര്‍ഷക സമരപന്തല്‍ പൊളിക്കുന്നതില്‍ നിന്നും പൊലീസിനെ പിറകോട്ടടിപ്പിച്ചിരുന്നത്. കര്‍ഷക സമര നേതാവ് രാകേഷ് ടിക്കായത്ത് തന്നെ ഇക്കാര്യം തുറന്നു സമ്മതിച്ചിട്ടുള്ളതുമാണ്. ദേശീയ തലത്തില്‍ ചെങ്കൊടി പ്രസ്ഥാനത്തിന് കരുത്ത് പകരുന്നവരാണ് കിസാന്‍സഭ നേതാക്കള്‍. ബ്രിട്ടാസിനു പകരം ആ സംഘടനയിലെ ഏതെങ്കിലും നേതാവിനായിരുന്നു യഥാര്‍ത്ഥത്തില്‍ സി.പി.എം പരിഗണന നല്‍കേണ്ടിയിരുന്നത്. അതുണ്ടാവാതിരുന്നത് എന്തായാലും ദൗര്‍ഭാഗ്യകരം തന്നെയാണ്.

ഒരു കാലത്ത് രാജ്യത്തെ പ്രധാന പ്രതിപക്ഷമായിരുന്നു കമ്യൂണിസ്റ്റുകള്‍. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ അതല്ല, വിരലിലെണ്ണാവുന്ന എം.പിമാര്‍ മാത്രമാണ് പാര്‍ലമെന്റില്‍ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കുള്ളത്. സംസ്ഥാന ഭരണമാകട്ടെ കേരളത്തില്‍ മാത്രമായി ഒതുക്കപ്പെട്ടിരിക്കുകയുമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഇവിടെ നിന്നും രാജ്യസഭാംഗത്തെ തിരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത സി.പി.എം കാണിക്കണമായിരുന്നു. ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതിനും നിര്‍ദ്ദേശം നല്‍കുന്നതിനും സി.പി.എം കേന്ദ്ര നേതൃത്വത്തിനും വലിയ വീഴ്ച പറ്റിയിട്ടുണ്ട്. വിജയ് മല്യയെ പോലെയുള്ള കുത്തകകളെ രാജ്യസഭയിലേക്ക് അയച്ച കുത്തക പാര്‍ട്ടികളുടെ രീതിയല്ല കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ പിന്‍തുടരേണ്ടത്. ചുവപ്പ് ചരിത്രവും അതല്ല, കേരളത്തില്‍ നിന്നും മുന്‍പ് സി.പി.എം പറഞ്ഞയച്ച പി.രാജീവ് എന്ന കമ്യൂണിസ്റ്റ് എതിരാളികളുടെ പോലും കയ്യടി വാങ്ങിയാണ് കാലാവധി പൂര്‍ത്തിയാക്കിയിട്ടുള്ളത്.

കെ.കെ രാഗേഷും എളമരം കരീമും രാജ്യസഭയില്‍ ഇടപെട്ട രീതിയും ഈ നാട് കണ്ടിട്ടുള്ളതാണ്. ഇവരെല്ലാം പാവപ്പെട്ടവന്റെ കഷ്ടപ്പാടുകളാണ് സഭയില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്. അതിനു വേണ്ടിയാണ് പോരാടിയിട്ടുള്ളത്. എന്നാല്‍ ബ്രിട്ടാസിന്റെ കാര്യത്തില്‍ സഖാക്കള്‍ക്കിടയില്‍ തന്നെ പരക്കെ ആശങ്കയാണുള്ളത്. കൈരളി ചാനലില്‍ നിന്നും ആഗോള മാധ്യമ ഭീകരന്റെ ചാനലില്‍ പോകുകയും പിന്നീട് അവിടെ നിന്നും ഉയര്‍ന്ന ശമ്പളത്തില്‍ കൈരളിയില്‍ തിരിച്ചെത്തുകയും ചെയ്ത ചരിത്രമാണ് ജോണ്‍ ബ്രിട്ടാസിനുള്ളത്. അദ്ദേഹത്തിന്റെ പല നിലപാടുകളും കമ്യൂണിസ്റ്റുകളെ സംബന്ധിച്ച് അംഗീകരിക്കാന്‍ കഴിയുന്നതുമല്ല. അതുകൊണ്ട് തന്നെയാണ് ഇപ്പോള്‍ പ്രതിഷേധവും ശക്തമായിരിക്കുന്നത്.

ദ ഹിന്ദു പത്രത്തിന്റെ മേധാവിയായിരുന്ന എന്‍ റാമിനെ പോലെയുള്ള മുന്‍ എസ്.എഫ്.ഐ നേതാവിന് നല്‍കാത്ത പരിഗണനയാണ് ജോണ്‍ ബ്രിട്ടാസിന് ഇത്തവണ സി.പി.എം നല്‍കിയിരിക്കുന്നത്. ഇതു സഖാക്കള്‍ക്ക് നല്‍കുന്നതാകട്ടെ തെറ്റായ സന്ദേശവുമാണ്. കാലഘട്ടം ആവശ്യപ്പെടുന്ന പോരാളികളെയാണ് ഇന്നിന്റെ പോര്‍മുഖത്ത് സി.പി.എം വിന്യസിക്കേണ്ടിയിരുന്നത്. ഇക്കാര്യത്തില്‍ വലിയ പിഴവു തന്നെയാണ് നേതൃത്വത്തിനു സംഭവിച്ചിരിക്കുന്നത്. ചരിത്രപരമായ വിഡ്ഢിത്തരം എന്ന് ഈ തീരുമാനത്തെയും കാലം വിലയിരുത്തുക തന്നെ ചെയ്യും.

 

Top