തെരഞ്ഞെടുപ്പില്‍ വീണ്ടും ജയിക്കുന്നതിനായി ട്രംപ് ചൈനയോട് അപേക്ഷിച്ചു ! വെളിപ്പെടുത്തല്‍

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഗുരുതര ആരോപണങ്ങളുമായി ട്രംപിന്റെ മുന്‍ സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍. നവംബറില്‍ നടക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടാന്‍ ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ സഹായം തേടിയിരുന്നതായാണ് ജോണ്‍ ബോള്‍ട്ടന്റെ ഏറ്റവും ഗുരുതരമായ ആരോപണം.

അടുത്തുതന്നെ പുറത്തിറങ്ങുന്ന അദ്ദേഹത്തിന്റെ ഓര്‍മ്മകുറിപ്പുകളിലാണ് ട്രംപിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്.പുസ്തകത്തില്‍നിന്നുള്ള ഭാഗങ്ങള്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

യുഎസില്‍ നിന്ന് കൂടുതല്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങി തിരഞ്ഞെടുപ്പില്‍ വീണ്ടും ജയിക്കാന്‍ സഹായിക്കണമെന്ന് ട്രംപ് ഷി ജിന്‍പിങിനോട് ആവശ്യപ്പെട്ടെന്നും ജോണ്‍ ബോള്‍ട്ടിന്റെ പുതിയ പുസ്തകമായ ‘ദി റൂം വേര്‍ ഇറ്റ് ഹാപ്പന്റ്’ എന്ന പുസ്തകത്തില്‍ വിശദമാക്കുന്നു.വൈറ്റ്ഹൗസ് എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്ന് ട്രംപിന് അറിയില്ലെന്നും പുസ്തകം പറയുന്നു.

കോവിഡ്, ജോര്‍ജ് ഫ്ളോയിഡിന്റെ മരണത്തിലെ പ്രക്ഷോഭം തുടങ്ങിയ പ്രശ്നങ്ങളില്‍ വലയുന്ന ട്രംപ് ഭരണകൂടത്തിന് മുന്‍ ഉപദേഷ്ടവിന്റെ പുസ്തകം മറ്റൊരു തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.577 പേജുകളുള്ള പുസ്തകം പുറത്തിറങ്ങുന്നത് തടയാനുള്ള ശ്രമങ്ങളും ട്രംപ് ഭരണകൂടം ആരംഭിച്ചു. ജൂണ്‍ 23-നാണ് പുസ്തം പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിനകം പുസ്‌കത്തിന്റെ ലക്ഷകണക്കിന് കോപ്പികള്‍ ലോകമെമ്പാടും വിതരണം ചെയ്യപ്പെട്ടതായി പ്രസാധകരായ സൈമണ്‍ & ഷസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍ പുസ്തകത്തില്‍ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള രഹസ്യങ്ങള്‍ ഉളളതിനാല്‍ പുറത്തിറക്കരുതെന്ന് ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. പുസ്തകം പുറത്തിറങ്ങിയാല്‍ ബോള്‍ട്ടന്‍ ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടിവരുമെന്ന് ട്രംപ് കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.

Top