‘മൈക്ക്’ പ്രീ-റിലീസ് പരിപാടിക്കായി ജോൺ എബ്രഹാം കൊച്ചിയിൽ എത്തും

പ്രമുഖ ബോളിവുഡ് നടൻ ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ മലയാള ചിത്രമാണ് ‘മൈക്ക്’. സിനിമയുടെ പ്രീ-റിലീസ് പരിപാടിയിൽ പങ്കുടുക്കാനായി ജോൺ എബ്രഹാം കൊച്ചിയിലെത്തും. ഓഗസ്റ്റ് 17ന് വൈകുന്നേരം ആറ് മണിക്ക് കൊച്ചിയിലെ സെന്റർ സ്‌ക്വയർ മാളിലാണ് പരിപാടി. ആദ്യം പത്രസമ്മേളനവും ശേഷം പ്രീ-റിലീസ് ഇവന്റും പൊതുജനവുമായിട്ടുള്ള സംവാദവുമുണ്ടാകും. ‘ട്രാവൽ വിത്ത് മൈക്ക്’ കോണ്ടെസ്റ്റിലെ വിജയികളെയും ചടങ്ങിൽ അനുമോദിക്കും.

വിഷ്‍ണുശിവപ്രസാദ് സംവിധാനം നിർവഹിക്കുന്ന ‘മൈക്ക്’ രചിച്ചിരിക്കുന്നത് ആഷിഖ് അക്ബർ അലിയാണ്. അനശ്വര രാജൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നായകനാകുന്നത് നവാഗതനായ രഞ്ജിത്ത് സജീവാണ്. കൈതപ്രം ദാമോദരൻ നമ്പൂതിരി, റഫീഖ് അഹമ്മദ്, സുഹൈൽ കോയ, അരുൺ ആലാട്ട്, വിനായക് ശശികുമാർ എന്നിവർ രചിച്ച ഗാനങ്ങൾക്ക് ഹിഷാം അബ്‍ദുള്‍ വഹാബാണ് സംഗീതം നൽകുന്നത്.

രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്‍ണൻ, അഭിരാം രാധാകൃഷ്‍ണൻ, സിനി എബ്രഹാം, രാഹുൽ, നെഹാൻ, റോഷൻ ചന്ദ്ര, ഡയാന ഹമീദ്, കാർത്തിക്ക് മണികണ്ഠൻ, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് അങ്ങനെ ഒരു വലിയ താരനിരതന്നെ സിനിമയിലുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവെയും ചിത്രസംയോജനം വിവേക് ഹർഷനുമാണ് നിർവഹിച്ചിരിക്കുന്നത്. സെഞ്ചുറി വിതരണം ചെയ്യുന്ന മൈക്ക് ഓഗസ്റ്റ് 19ന് തീയേറ്ററുകളിലേക്കെത്തും.

Top