ജോണ്‍ എബ്രഹാം ഇനി ഒരു ഐസ്‌ക്രീം കമ്പനിയുടെ കൂടി ഉടമ

john

ബോളിവുഡ് സിനിമാ താരം ജോണ്‍ എബ്രഹാം ഇനി ഒരു ഐസ്‌ക്രീം കമ്പനിയുടെ കൂടി ഉടമയാകും. വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ടുകളില്‍ നിന്നും ജോണ്‍ എബ്രഹാമില്‍ നിന്നുമായി നാല് കോടി രൂപയാണ് ഐസ്‌ക്രീം നിര്‍മ്മാണ കമ്പനിയായ നോടോയില്‍ എത്തിയിരിക്കുന്നത്. ടൈറ്റന്‍ കാപിറ്റല്‍, റോക്ക്സ്റ്റഡ് കാപിറ്റല്‍, ഡബ്ല്യുഇഎച്ച് വെഞ്ച്വേര്‍സ് എന്നിവരാണ് നടനൊപ്പം ഐസ്‌ക്രീം കമ്പനിയില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്.

വരുണ്‍ ആഷ്‌നി ഷേത് ദമ്പതിമാര്‍ ചേര്‍ന്ന് 2018 ലാണ് ഈ ഐസ്‌ക്രീം ബ്രാന്റ് തുടങ്ങിയത്. കമ്പനിയുടെ വികസനത്തിനും ഉല്‍പ്പന്ന വികസനത്തിനും ജീവനക്കാരെ കണ്ടെത്താനുമായി പണം ചെലവാക്കുമെന്നാണ് ഇവര്‍ വ്യക്തമാക്കിയിരിക്കുന്നത്.

നോടോയെ വിപണിയില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന ആരോഗ്യസമ്പുഷ്ടമായ ഐസ്‌ക്രീമായാണ് കാണുന്നതെന്നും അതിന് ശക്തരായ പ്രൊമോട്ടര്‍മാരുണ്ടെന്നും ജോണ്‍ എബ്രഹാം പറഞ്ഞു. തങ്ങളുടെ 125 മില്ലി ലിറ്റര്‍ ഐസ്‌ക്രീമില്‍ 75 മുതല്‍ 95 കലോറി വരെ മാത്രമേയുള്ളൂവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മൂന്ന് ഗ്രാമാണ് ഫാറ്റ്. ഷുഗര്‍ 75 ശതമാനം കുറവാണ്. പരമ്പരാഗത ഐസ്‌ക്രീമുകളെ അപേക്ഷിച്ച് കൂടുതല്‍ പ്രോട്ടീനുണ്ടെന്നും അവര്‍ പറയുന്നു. ഇതുവരെ അഞ്ച് ലക്ഷം യൂണിറ്റുകള്‍ 30000 ഉപഭോക്താക്കള്‍ക്കായി നല്‍കിയെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

Top