കേരളം സഹവര്‍ത്തിത്വത്തിനും മതനിരപേക്ഷതയ്ക്കും ഉദാഹരണമായി നിലനില്‍ക്കും; ജോണ്‍ എബ്രഹാം

ലോകം മുഴുവന്‍ ധ്രുവീകരിക്കപ്പെട്ടാലും കേരളം സഹവര്‍ത്തിത്വത്തിനും മതനിരപേക്ഷതയ്ക്കും ഉദാഹരണമായി നിലനില്‍ക്കുമെന്ന് ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം. മലയാളിയായ മാധ്യമ പ്രവര്‍ത്തകന്‍ മുരളി കെ മേനോന്റെ ആദ്യ നോവല്‍ ‘ദ് ഗോഡ് ഹു ലവ്ഡ് മോട്ടോര്‍ബൈക്ക്‌സി’ന്റെ പ്രകാശനവേദിയിലാണ് ജോണ്‍ മനസു തുറന്നത്.

ജോണിന്റെ നാട് കൂടിയായ കേരളം എന്തുകൊണ്ടാണ് ഇതുവരെ ‘മോഡി-ഫൈഡ്’ ആകാത്തതെന്നും എന്താണ് കേരളീയരെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാക്കുന്നതെന്നും പരിപാടിയുടെ മോഡറേറ്റര്‍ ആയ നമ്രത സക്കറിയയുടെ ചോദ്യത്തിനായിരുന്നു ജോണിന്റെ മറുപടി.

‘കേരളത്തില്‍ പത്ത് മീറ്റര്‍ അകലത്തില്‍ അമ്പലവും മുസ്ലിം പള്ളിയും ക്രിസ്ത്യന്‍ പള്ളിയും കാണാം. അവയെല്ലാം സമാധാനത്തില്‍ നിലനില്‍ക്കുന്നു. അതിനാല്‍ത്തന്നെ കേരളം സഹവര്‍ത്തിത്വത്തില്‍ നിലനില്‍ക്കുന്നുവെന്നും താരം വ്യക്തമാക്കി. ‘അച്ഛന്‍ കാരണം കുറേയേറെ മാര്‍ക്‌സിസ്റ്റ് സംഗതികള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ഒരുപാട് മലയാളികളില്‍ ഒരു ഇടതുപക്ഷ സമീപനമുണ്ട്. നമ്മളെല്ലാം വിശ്വസിക്കുന്നത് സമത്വപൂര്‍വമുള്ള ജീവിതത്തിലും സമ്പത്തിന്റെ തുല്യമായ വിതരണത്തിലുമാണ്. അതിന്റെ തിളങ്ങുന്ന ഉദാഹരണമാണ് കേരളമെന്നും താരം കൂട്ടിച്ചേര്‍ത്തു’.

Top