‘അയ്യപ്പനും കോശിയും’ ഹിന്ദിയിലേക്കും; റീമേക്ക് അവകാശം സ്വന്തമാക്കി ജോണ്‍ അബ്രഹാം

പൃഥ്വിരാജ്-ബിജു മേനോന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സച്ചി രചനയും സംവിധാനവും ചെയ്ത ചിത്രമായിരുന്നു അയ്യപ്പനും കോശിയും. ചിത്രം തമിഴിലേക്കും, തെലുങ്കിലേക്കും റീമേക്ക് ചെയ്യുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇപ്പോഴിതാ ഹിന്ദിയിലേക്കും എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

ബോളിവുഡ് താരം ജോണ്‍ അബ്രഹാമിന്റെ ജെ.എ എന്റര്‍ടൈന്മെന്റ്‌സാണ് ചിത്രത്തിന്റെ ഹിന്ദി റീമേയ്ക്ക് അവകാശം സ്വന്തമാക്കിയത്. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

‘ആക്ഷനും, കഥയ്ക്കും ഒരുപോലെ പ്രാധാന്യം നല്‍കി ഒരുക്കിയ ത്രില്ലിങ്ങ് ആയ ചിത്രമാണ് അയ്യപ്പനും കോശിയും. ഇത്തരത്തിലുള്ള നല്ല സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാനാണ് ജെ.എ. എന്റര്‍ടെയ്ന്‍മെന്റ് ശ്രമിക്കാറുള്ളത്. ഈ സിനിമയുടെ ഹിന്ദി റീമേക്കിലൂടെ നിങ്ങള്‍ക്ക് മികച്ച സിനിമ നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നു..’ ജോണ്‍ എബ്രഹാം ട്വീറ്റ് ചെയ്തു.

ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ ബിജുമേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായരുടെ വേഷത്തില്‍ നന്ദമൂരി ബാലകൃഷ്ണയും പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യനായി റാണ ദഗുബാട്ടിയും എത്തുമെന്നാണ് സൂചന.
തെലുങ്കിലെ പ്രമുഖ നിര്‍മാണ കമ്പനിയായ സിതാര എന്റര്‍ടൈന്മെന്റ്‌സാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

അതേസമയം, ചിത്രത്തിന്റെ തമിഴ് റീമേക്കില്‍ ബിജു മേനോന്റെ വേഷം വിജയ് സേതുപതിയും പൃഥ്വിരാജിന്റെ വേഷം ധനുഷും അവതരിപ്പിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കആടുകളം, ജിഗര്‍തണ്ട, പൊള്ളാതവന്‍, എന്നീ ചിത്രങ്ങളുടെ നിര്‍മാതാവായ കതിര്‍സേനന്‍ ആണ് തമിഴില്‍ ചിത്രം നിര്‍മിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

മലയാളത്തില്‍ എസ് ഐ അയ്യപ്പന്‍ നായരായി ബിജു മേനോനും റിട്ടയേര്‍ഡ് ഹവില്‍ ദാര്‍ കോശി കുര്യനായി പൃഥ്വിരാജും എത്തിയ ചിത്രം തിയേറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.

Top