കോവിഡ് ടെസ്റ്റ്‌ രണ്ടാം തവണയും നെഗറ്റീവ്‌; ജോഫ്ര ആര്‍ച്ചര്‍ ടീമിനൊപ്പം ചേരും

ലണ്ടന്‍: കോവിഡ് പരിശോധന രണ്ടാം തവണയും നെഗറ്റീവായ ഇംഗ്ലീഷ് ക്രിക്കറ്റ് താരം ജോഫ്ര ആര്‍ച്ചര്‍ വെള്ളിയാഴ്ച്ച മുതല്‍ ടീമിനൊപ്പം ചേരും. ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്.

ഏജീസ് ബൗളില്‍ പരിശീലനം നടത്തുന്ന ഇംഗ്ലണ്ട് ടീമിനൊപ്പമാണ് പേസ് ബൗളര്‍ ചേരുക. കുടുംബത്തിലെ ഒരാള്‍ക്ക് അസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് ആര്‍ച്ചറും കോവിഡ് പരിശോധനയ്ക്ക് വിധേയനായത്. രണ്ടു പരിശോധനാഫലങ്ങളും നെഗറ്റീവായാല്‍ ആര്‍ച്ചറെ ടീമിലേക്ക് വിളിക്കുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ തന്നെ അറിയിച്ചിരുന്നു.

സതാംപ്ടണിലെ ഏജീസ് ബൗളില്‍ കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഇംഗ്ലണ്ട് ടീം പരിശീലനത്തിനെത്തിയത്. ജൂലൈ എട്ടിന് ആരംഭിക്കുന്ന വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയ്ക്ക് മുന്നോടിയായാണ് ഇംഗ്ലണ്ട ടീമിന്റെ പരിശീലനം.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ ക്രിക്കറ്റ് ഗ്രൗണ്ടുകള്‍ നിശ്ചലമാണ്. ജൂലൈയില്‍ ഇംഗ്ലണ്ട്-വെസ്റ്റിന്‍ഡീസ് പരമ്പര തുടങ്ങുന്നതോടെ വീണ്ടും കളിക്കളങ്ങള്‍ സജീവമാകും. അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരങ്ങള്‍.

Top