സെക്കന്‍ഡ് ഷോ ആരംഭിക്കാതെ പ്രീസ്റ്റ് തിയറ്ററിലെത്തിക്കാന്‍ സാധിക്കില്ലെന്ന് സിനിമയുടെ സംവിധായകനായ ജോഫിന്‍ ടി. ചാക്കോ. തിയറ്ററിനു വേണ്ടി മാത്രം ഉണ്ടാക്കിയ സിനിമയാണിതെന്നും എന്നാല്‍ ബിഗ് ബജറ്റ് സിനിമയായതിനാല്‍ സെക്കന്‍ഡ് ഷോയില്ലാതെ പ്രദര്‍ശിപ്പിച്ചിട്ട് കാര്യമില്ലെന്നും പ്രീസ്റ്റിന്റെ ഫൈനല്‍ മാസ്റ്ററിങിനു ശേഷം ജോഫിന്‍ പറഞ്ഞു. ഇന്നലെയായിരുന്നു സിനിമയുടെ ഫൈനല്‍ മാസ്റ്ററിംഗ് .
ജോഫിന്‍ ടി ചാക്കോയുടെ ഫേസ്ബുക്ക് കുറിപ്പ്
ഇന്നലെ പ്രീസ്റ്റിന്റെ ഫൈനല്‍ മാസ്റ്ററിംഗ് കഴിഞ്ഞു. സ്വപ്ന സാക്ഷാത്കരത്തിന് ആദ്യം നന്ദി പറയുന്നത് മമ്മുക്കയോടാണ്. ചെറുപ്പത്തില്‍ മമ്മുക്കയോട് തോന്നിയ ആരാധനയാണ് പിന്നീട് സിനിമയോടായി മാറിയതും, സിനിമയില്‍ ജീവിക്കാനും പ്രേരിപ്പിച്ചത്.
ഏത് കഥ ചിന്തിക്കുമ്പോഴും അതിലെ നായകന്‍ മമ്മുക്കയായിരുന്നു.ആ മമ്മുക്കയെ വെച്ചു ആദ്യ സിനിമ ചെയ്യാനായത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു . അതോടൊപ്പം ഞാന്‍ വലിയ നന്ദി പറയുന്നത് ആന്റോ ചേട്ടനോടാണ്. സിനിമ എന്ന എന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കിയത് ആന്റോ ചേട്ടനാണ്. ആന്റോ ചേട്ടനോടൊപ്പം ഉണ്ണി സാറും. ഇത്രത്തോളം പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടും മമ്മൂക്കയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം എനിക്ക് പൂര്‍ത്തിയക്കാനായത് ഈ രണ്ടു നിര്‍മാതാക്കള്‍ ഒപ്പം നിന്നത് കൊണ്ടാണ്.
പ്രീസ്റ്റിന്റെ 80 % ചിത്രീകരണം പൂര്‍ത്തീകരിച്ച സമയത്താണ് കൊറോണ വന്ന് ലോകം മുഴുവന്‍ നിശ്ചലമായത് , 8 മാസങ്ങള്‍ക്ക് ശേഷമാണ് ബാക്കി ഷൂട്ട് ചെയ്യുന്നത്.
തീയേറ്ററില്‍ കാണേണ്ട ചിത്രം’ പ്ലാന്‍ ചെയ്തപ്പോള്‍ മുതല്‍ ഈ നിമിഷം വരെ അതു തന്നെയാണ് ‘ദി പ്രീസ്റ്റ്’. ലോകം മുഴുവന്‍ സിനിമ ഒറ്റ ദിവസം തന്നെ റിലീസ് ചെയ്യണം. അതിന് വേണ്ടി എല്ലാ ശ്രമങ്ങളും ഞങ്ങള്‍ നടത്തി. ഇന്ത്യക്ക് പുറത്ത് ചിത്രം വിതരണത്തിന് എടുത്തത് മമ്മുക്കയുടെ കടുത്ത ആരാധകനായ സമദിക്കയാണ് (Truth Films).
അദ്ദേഹത്തിന്റെയും ആദ്യ ചിത്രമാണ് ‘ പ്രീസ്റ്റ് ‘. എന്നാല്‍ ഇപ്പോള്‍ ലോകത്ത് പലയിടത്തും തിയേറ്ററുകള്‍ അടഞ്ഞു കിടക്കുകയാണ്. ദുബായ്, സൗദി, ഒമാന്‍ തുടങ്ങി മിക്കയിടത്തും തിയേറ്റര്‍ പ്രവര്‍ത്തിക്കുന്നില്ല ! ലോകമെമ്പാടുമുള്ള ഒരുപാട് മമ്മുക്ക ആരാധകര്‍ ചിത്രം കാത്തിരിക്കുയാണെന്ന് അറിയാം. എന്നാല്‍ കുടുംബ പ്രക്ഷകര്‍ ഏറ്റവും കൂടുതല്‍ എത്തുന്ന സെക്കന്‍ഡ് ഷോ ഇല്ലാതെ ഈ ബിഗ് ബഡ്ജറ്റ് ചിത്രം കേരളത്തിലും തീയേറ്ററില്‍ എത്തിക്കാന്‍ സാധിക്കില്ല.