സമൂഹമാധ്യമങ്ങളിലൂടെ വംശീയ അധിക്ഷേപങ്ങള്‍ നേരിട്ടെന്ന് ജോഫ്ര ആര്‍ച്ചര്‍

ലണ്ടന്‍: സമൂഹ മാധ്യമങ്ങളിലൂടെ വംശീയ അധിക്ഷേപങ്ങള്‍ നേരിട്ടതായി ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരേ മാഞ്ചസ്റ്ററില്‍ നടന്ന രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട ശേഷമാണ് ആര്‍ച്ചര്‍ക്കു നേരെ ആക്രമണമുണ്ടായത്.

രോഗപ്രതിരോധ ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ട് ഇംഗ്ലീഷ് ടീം വിട്ട് പുറത്തു പോയതിനെ തുടര്‍ന്നായിരുന്നു താരത്തെ രണ്ടാം ടെസ്റ്റില്‍ നിന്നും ഒഴിവാക്കിയത്. അഞ്ചു ദിവസം ഐസൊലേഷനില്‍ പോവാനും കൊവിഡ് ടെസ്റ്റുകള്‍ക്കു വിധേയനാവാവും പേസറോട് ആവശ്യപ്പെട്ടിരുന്നു.

ടെസ്റ്റ് ടീമില്‍ സ്ഥാനം നഷ്ടമായത് മാനസികമായി തന്നെ തളര്‍ത്തിയതായും ഇതിനിടെയാണ് ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിച്ചതെന്നും ആര്‍ച്ചര്‍ പറയുന്നു. വെള്ളിയാഴ്ച വിന്‍ഡീസിനെതിരേ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനുള്ള ടീമിലേക്കു താരത്തെ തിരിച്ചു വിളിച്ചിരുന്നു. എന്നാല്‍ ഈ മത്സരത്തില്‍ കളിക്കുന്നതിന് പ്രചോദനം ലഭിക്കാതെ താന്‍ വലയുകയാണെന്നു ആര്‍ച്ചര്‍ വെളിപ്പെടുത്തി.

തനിക്കെതിരേയുണ്ടായ വംശീയാധിക്ഷേപങ്ങളെക്കുറിച്ച് പേസര്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്. ഉചിതമായ നടപടിയെടുക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

Top