ജോ റൂട്ട് 2024 സീസണ്‍ IPL കളിക്കില്ല; റൂട്ട് സീസണില്‍നിന്ന് പിന്‍വാങ്ങുന്നതായി രാജസ്ഥാന്‍ റോയല്‍സ്

ജയ്പുര്‍: രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് ബാറ്റ്സ്മാന്‍ ജോ റൂട്ട് 2024 സീസണ്‍ ഐപിഎല്‍ കളിക്കില്ല. റൂട്ട് ഐപിഎല്ലില്‍ നിന്ന് പിന്‍വാങ്ങിയതായി രാജസ്ഥാന്‍ റോയല്‍സ് പ്രസ്താവനയിലൂടെ അറിയിച്ചു.

2023-ലെ മിനി ലേലത്തിലൂടെയാണ് രാജസ്ഥാന്‍ റൂട്ടിനെ സ്വന്തമാക്കിയത്. മൂന്ന് ഇന്നിങ്സില്‍ മാത്രമാണ് റൂട്ടിന് കളിക്കാനായത്. നിലനിര്‍ത്തല്‍ സംഭാഷണത്തിനിടെ താന്‍ വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍നിന്ന് പിന്‍വാങ്ങുന്നതായി റൂട്ട് അറിയിച്ചെന്ന് രാജസ്ഥാന്‍ റോയല്‍സ് ഡയറക്ടര്‍ കുമാര്‍ സംഗക്കാര അറിയിച്ചു. ‘ഞങ്ങളുടെ നിലനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടെ ഐപിഎല്‍ 2024 ല്‍ പങ്കെടുക്കില്ലെന്ന തന്റെ തീരുമാനത്തെക്കുറിച്ച് ജോ ഞങ്ങളെ അറിയിച്ചു. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ടീം അംഗങ്ങളില്‍ സ്വാധീനം ചെലുത്താന്‍ ജോ റൂട്ടിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ രാജസ്ഥാന് നഷ്ടമാവും. അതേസമയംതന്നെ അദ്ദേഹത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുകയും ചെയ്യുന്നു’, സംഗക്കാര പറഞ്ഞു.

കഴിഞ്ഞ സീസണില്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ട രാജസ്ഥാന്‍ ഇത്തവണത്തെ മിനി ലേലത്തില്‍ മികച്ച താരങ്ങളെ സ്വന്തമാക്കാനുള്ള നീക്കത്തിലാണ്. ദുബായില്‍ അടുത്ത മാസം 19-നാണ് മിനി ലേലം നടക്കുക. മറ്റൊരു ബാസ്റ്റ്മാന്‍ ദേവ്ദത്ത് പടിക്കലിനെ നേരത്തെ രാജസ്ഥാന്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് കൈമാറിയിരുന്നു. പകരം പേസ് ബൗളര്‍ ആവേശ് ഖാനെ ടീമിലെടുക്കകയും ചെയ്തു.

Top