സംഭവത്തിന്റെ സത്യാവാസ്ഥ പുറത്തു വരണം, എല്ലാം ജനം അറിയണം; ജോ ജോസഫ്

എറണാകുളം: തൃക്കാക്കര എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വ്യാജ വിഡിയോ പ്രചരിപ്പിച്ച ആളെ പൊലീസ് പിടികൂടിയതിന് പിന്നാലെ പ്രതികരണവുമായി ജോ ജോസഫ് . സംഭവത്തിന്റെ സത്യാവാസ്ഥ പുറത്തു വരണം, എല്ലാം ജനം അറിയണമെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്യാത്തിടത്തോളം ശിക്ഷിക്കപ്പെടില്ല, സംശയത്തിന്റെ മുനപോലും തനിക്ക് നേരെ ഉണ്ടായില്ല. പൊലീസ് കൃത്യമായി ഇടപെട്ടതിൽ സന്തോഷമുണ്ടെന്നും ജോ ജോസഫ്.

ആസൂത്രിതമായ ഒരു നീക്കമാണ് ഉണ്ടായത്. തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ടായിരുന്നു വ്യാജ പ്രചാരണം. സ്ഥാനാർത്ഥിക്ക് നേരേ മാത്രമല്ല, കുടുംബത്തെയും ബന്ധുക്കളെയും അപമാനിച്ചപ്പോഴാണ് താൻ പ്രതികരിച്ചത്. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് ഇപ്പോൾ ഉത്തരം ലഭിച്ചിരിക്കുന്നു. ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് ആരാണെന്ന് ജനങ്ങൾക്ക് മനസിലായി എന്നും ജോ ജോസഫ് കൂട്ടിച്ചേർത്തു.

ജോ ജോസഫിന്റെ വ്യാജ വിഡിയോ അപ്ലോഡ് ചെയ്ത ആൾ പിടിയിലാകുന്നത് ഇന്ന് രാവിലെയാണ്. മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൽ ലത്തീഫാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇപ്പോൾ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇയാൾ ലീഗ് അനുഭാവിയാണെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.

Top