ബൈഡന്റെ കൊലയാളി പരമാര്‍ശത്തില്‍ മറുപടിയുമായി പുടിന്‍

മോസ്‌കോ: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ കൊലയാളി പരാമര്‍ശത്തിന് മറുപടിയുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഒരു ചാനല്‍ അഭിമുഖത്തിനിടെ പുടിന്‍ ഒരു കൊലയാളിയാണെന്നു കരുതുന്നുണ്ടോയെന്ന ചോദ്യത്തിന് ‘തീര്‍ച്ചയായും’ എന്ന മറുപടി നല്‍കിയ ജോ ബൈഡനെതിരെയാണ് റഷ്യന്‍ നേതാവ് രംഗത്തെത്തിയത്.

അമേരിക്കന്‍ പ്രസിഡന്റ് ‘സുഖമായിരിക്കട്ടെ’ എന്ന് ആശംസിക്കുന്നെന്നാണ് പുടിന്റെ മറുപടി. യുഎസ് പ്രസിഡന്റിന്റെ പ്രസ്താവനയോട് ഞാന്‍ എങ്ങനെ പ്രതികരിക്കും? ഞാന്‍ അദ്ദേഹത്തോട് പറയും ‘ആരോഗ്യവാനായിരിക്കുക’ അദ്ദേഹത്തിന് നല്ല ആരോഗ്യം നേരുന്നു’ പുടിന്‍ പറഞ്ഞു.

‘ഞാന്‍ ഓര്‍ക്കുന്നു, കുട്ടിക്കാലത്ത് നമ്മളെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് നീ തന്നെയാണെന്ന് മറുപടി നല്‍കും. അത് കുട്ടികളുടെ തമാശ മാത്രമല്ല, അതിന് ആഴമേറിയ അര്‍ത്ഥങ്ങളുണ്ട്. നമ്മുടെ ഗുണങ്ങളാണ് മറ്റുള്ളവരില്‍ നാം കാണുന്നത്, അയാളും നമ്മളെ പോലെയാണെന്ന് നാം കരുതുന്നു. അവരുടെ പ്രവര്‍ത്തികളെയും അങ്ങനെ വിലയിരുത്തുന്നു.’ പുടിന്‍ പറഞ്ഞു.

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിനെ വീണ്ടും ജയിപ്പിക്കാന്‍ പുടിന്‍ ശ്രമം നടത്തിയിരുന്നെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനു പിന്നാലെയാണ് വാക്‌പോര് ആരംഭിച്ചത്. യുഎസിലെ അംബാസഡര്‍ അനറ്റൊലി ആന്റനൊവിനെ തുടര്‍ചര്‍ച്ചകള്‍ക്കായി മോസ്‌കോയിലേക്കു തിരികെ വിളിപ്പിച്ചിക്കുകയും ചെയ്തിരുന്നു.

നേരത്തെ അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതികരണം മോശമാണെന്നും ഒരു തരത്തിലും ഒരു പ്രസിഡന്റിനു ചേരുന്നതല്ലെന്നും പുടിന്റെ വക്താവ് ദിമിത്രി എസ് പെസ്‌കോവും ചൂണ്ടിക്കാട്ടിയിരുന്നു.

 

Top