യുഎസില്‍ കഞ്ചാവ് ഉപയോഗിച്ചതിനുള്ള ശിക്ഷയില്‍ നിന്ന് പൗരന്മാര്‍ക്ക് ഇളവ് നല്‍കുന്നുവെന്ന് ജോ ബൈഡന്‍

വാഷിങ്ടണ്‍: ക്രിസ്മസ് അവധിക്ക് മൂന്ന് ദിവസം മുമ്പ് പുതിയ പ്രഖ്യാപനവുമായ് ബൈഡന്‍. രാജ്യത്ത് കഞ്ചാവ് ഉപയോഗിച്ചതിനുള്ള ശിക്ഷയില്‍ നിന്ന് പൗരന്മാര്‍ക്ക് ഇളവ് നല്‍കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. കഞ്ചാവ് കേസില്‍ ഇതുവരേക്കും അറസ്റ്റുചെയ്യപ്പെടുകയോ വിചാരണ ചെയ്യപ്പെടുകയോ ചെയ്തിട്ടില്ലാത്തവര്‍ ഉള്‍പ്പെടെ മുഴുവന്‍ പൗരന്മാര്‍ക്കും ഭരണകൂടം മാപ്പ് നല്‍കുന്നുവെന്ന് ബൈഡന്‍ അറിയിച്ചു.

എല്ലാ യുഎസ് പൗരന്മാര്‍ക്കും സ്വകാര്യ ഉപയോഗത്തിനായി കഞ്ചാവ് കൈവശം വച്ചിരിക്കുന്ന നിയമാനുസൃത സ്ഥിര താമസക്കാര്‍ക്കും സമാനമായ ഫെഡറല്‍ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കും ഇളവ് ബാധകമാണ്. ഫെഡറല്‍ നിയമപ്രകാരം നിയമവിരുദ്ധമായ മയക്കുമരുന്ന് വില്‍പ്പന നടത്തിയവര്‍ക്കും വാഹനമോടിക്കുമ്പോള്‍ കഞ്ചാവ് ഉപയോഗിച്ചവര്‍ക്കും ബാധകമല്ല.

കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം വച്ചതിനും മാത്രം പൗരന്മാരെ ജയിലില്‍ അടയ്ക്കരുതെന്ന് ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു. കഞ്ചാവിന്റെ ഉപയോഗത്തിന്മേല്‍ എടുത്തിട്ടുള്ള കേസുകള്‍ പലരുടെയും തൊഴില്‍, പാര്‍പ്പിടം, വിദ്യാഭ്യാസ അവസരങ്ങള്‍ തുടങ്ങിയവയെ ബാധിച്ചതിനാല്‍ ആ തെറ്റുകള്‍ തിരുത്തേണ്ട സമയമാണിതെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷവും ജോ ബൈഡനന്‍ ഇത്തരത്തില്‍ ശിക്ഷയില്‍ ഇളവ് വരുത്തുന്ന പ്രസ്താവന നടത്തിയിരുന്നു.

Top