ഗാസയിൽ അടുത്താഴ്ച്ചയോടെ വെടിനിർത്തൽ സാധ്യമായേക്കുമെന്ന് ജോ ബെെഡൻ

ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള പുതിയ വെടിനിർത്തൽ തിങ്കളാഴ്ചയോടെ പ്രാബല്യത്തിൽ വരുമെന്ന പ്രതീക്ഷ പങ്കുവെച്ച് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ. പേരുവെളിപ്പെടുത്താൻ തയ്യാറല്ലാത്ത ഇസ്രയേൽ ഉന്നതോദ്യോഗസ്ഥനും ചൊവ്വാഴ്ച ഇക്കാര്യം സൂചിപ്പിച്ചു.

2023 നവംബറിലെപോലെ പലസ്തീൻ തടവുകാരുടെ മോചനത്തിനുപകരം ഹമാസിന്റെ പക്കലുള്ള ഇസ്രയേൽ ബന്ദികളെ വിട്ടയക്കുന്ന തരത്തിലുള്ളതാവും ഇത്തവണത്തെ വെടിനിർത്തൽക്കരാറും. ഈജിപ്ത്, ഖത്തർ, യു.എസ്., ഫ്രാൻസ് എന്നിവയുടെ മധ്യസ്ഥതയിൽ ഇതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. മാർച്ചിൽ റംസാൻമാസം ആരംഭിക്കുന്നതിനുമുമ്പായി ആറാഴ്ചത്തെ വെടിനിർത്തൽ കൊണ്ടുവരാനുള്ള തിരക്കിട്ടശ്രമമാണ് നടക്കുന്നത്.

നവംബറിലെ വെടിനിർത്തലിനു ചുക്കാൻപിടിച്ച ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി പാരീസിൽ കൂടിക്കാഴ്ച നടത്തും. ഫ്രാൻസിലേക്കു തിരിക്കുംമുമ്പ് ഖത്തറിലെ ദോഹയിൽക്കഴിയുന്ന ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയുമായി അമീർ കൂടിക്കാഴ്ച നടത്തിയിരുന്നു. സ്ഥിരമായ വെടിനിർത്തൽ അടിയന്തരമായി സാധ്യമാക്കുന്നതിനുള്ള ചർച്ചയായിരുന്നു ഇതെന്ന് ‘ഖത്തർ ന്യൂസ് ഏജൻസി’ റിപ്പോർട്ടുചെയ്തു.

അതേസമയം, വെടിനിർത്തൽ കൊണ്ടുവരുന്നതിലൂടെ റാഫയിൽ നടത്താനുദ്ദേശിക്കുന്ന കരയാക്രമണം വൈകിപ്പിക്കാമെന്നല്ലാതെ തടയാനാവില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഹമാസിനുമേൽ പൂർണവിജയം നേടാൻ റാഫയിൽ കരയുദ്ധം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ചാംമാസത്തോടടുക്കുന്ന യുദ്ധത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29,782 ആയി.

Top