മകൻ ഹണ്ടര്‍ ബൈഡന്റെ വിവാഹേതര ബന്ധത്തിലെ മകളെ പരസ്യമായി അംഗീകരിച്ച് ജോ ബൈഡന്‍

വാഷിംഗ്ടണ്‍ : ഹണ്ടര്‍ ബൈഡന് വിവാഹ ബന്ധത്തിന് പുറത്തുണ്ടായ പെണ്‍കുഞ്ഞിനെ പരസ്യമായി അംഗീകരിച്ച് പിതാവും അമേരിക്കന്‍ പ്രസിഡന്റുമായ ജോ ബൈഡന്‍. 2018 -ല്‍ ലുന്‍ഡന്‍ റോബെര്‍ട്ട്സ് എന്ന വനിത കുഞ്ഞിന്റെ പിതൃത്വം ഉന്നയിച്ചതിന് ശേഷം ഇത് ആദ്യമായാണ് ബൈഡന്‍ നാലുവയസുകാരിയെ അംഗീകരിക്കുന്നത്. തന്റെ ഏഴാമത്തെ പേരക്കുട്ടിയാണ് നാലുവയസുകാരിയെന്നാണ് ബൈഡന്‍ വ്യക്തമാക്കിയത്.

ഹണ്ടര്‍ ബൈഡന്റെ പിതൃത്വം കോടതി നിര്‍ദ്ദേശത്തോടെ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് കണ്ടെത്തിയത്. കുട്ടിയുടെ സംരക്ഷണ കാര്യത്തില്‍ മകനും നാലുവയസുകാരിയുടെ അമ്മയും ചേര്‍ന്ന് ധാരണയിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. വിഷയം രാഷ്ട്രീയ തീരുമാനം അല്ലെന്നും കുടുംബത്തെ സംബന്ധിക്കുന്ന വിഷയമാണെന്നും ജോ ബൈഡന്‍ വ്യക്തമാക്കി. ഹണ്ടര്‍ ബൈഡന് ഒരു മകന്‍ അടക്കം നാല് മക്കള്‍ കൂടിയുണ്ട്.

മകനും കുട്ടിയുടെ അമ്മയും തന്റെ കുടുംബവും പേരക്കുട്ടിയുടെ സ്വകാര്യത സംരക്ഷിച്ച് മികച്ച ഭാവി ജീവിതം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള പരിശ്രമങ്ങളിലാണെന്ന് ജോ ബൈഡന്‍, കുട്ടിയെ ആദ്യമായി പരസ്യമായി അംഗീകരിച്ച് നടത്തിയ പ്രസ്താവനയ്ക്കിടെ പറഞ്ഞു. നേരത്തെ ,ഹണ്ടര്‍ ബൈഡന്‍ നികുതി വെട്ടിച്ചു എന്ന വാര്‍ത്ത ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

10 ലക്ഷം ഡോളറിന്റെ വരുമാനത്തിന് രണ്ട് വർഷം നികുതി നൽകിയില്ലെന്നാണ് ഹണ്ടര്‍ ബൈഡനെതിരായ കേസ്. കേസിന് പിന്നാലെ ബൈഡന്റെ മകന്‍ കുറ്റം സമ്മതിക്കാന്‍ തയ്യാറായിരുന്നു. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിയോഗിച്ച അഭിഭാഷകൻ ഡേവിഡ് വെയ്സാണ് ഹണ്ടര്‍ ബൈഡെതിരായ ആരോപണം അന്വേഷിച്ചത്. 2017 – 2018 വര്‍ഷത്തെ ടാക്സ് ഇനത്തിലാണ് ഹണ്ടര്‍ ബൈഡന്‍ നികുതി വെട്ടിപ്പ് നടന്നത് എന്നായിരുന്നു ആരോപണം.

Top