എച്ച് വണ്‍ ബി വിസ പരിഷ്‌ക്കരിക്കുമെന്ന് ജോ ബൈഡന്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്ത്യക്കാര്‍ക്ക് നേട്ടമാകുന്ന പ്രഖ്യാപനവുമായി ജോ ബൈഡന്‍ രംഗത്ത്. അധികാരത്തിലെത്തിയാല്‍ എച്ച് വണ്‍ ബി വിസ സമ്പ്രദായം പരിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഓരോ രാജ്യങ്ങള്‍ക്കും ഗ്രീന്‍ കാര്‍ഡുകളുടെ ക്വാട്ട അനുവദിക്കുന്നത് അവസാനിപ്പിക്കുമെന്നും ബൈഡന്‍ പറഞ്ഞു.

ഇന്ത്യക്കാരില്‍ സ്വാധീനം ചെലുത്താന്‍ പര്യാപ്തമായ പ്രഖ്യാപനമാണിത്. അമേരിക്കന്‍ കമ്പനികളില്‍ ജോലി ചെയ്യാന്‍ വിദേശികള്‍ക്ക് അനുവദിക്കുന്നതാണ് എച്ച് വണ്‍ ബി വിസ. വിദഗ്ധര്‍ക്കാണ് ഈ വിസ ലഭിക്കാറുള്ളത്. ഇന്ത്യയും ചൈനയുമുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് എല്ലാ വര്‍ഷവും ആയിരക്കണക്കിന് ആളുകളെയാണ് അമേരിക്കന്‍ കമ്പനികളില്‍ ജോലിക്ക് എടുക്കുന്നത്. ഇവരെല്ലാം എച്ച് വണ്‍ ബി വിസ പ്രകാരമാണ് അമേരിക്കയിലെത്തുന്നത്.

നിര്‍ണായകമായ സംസ്ഥാനങ്ങളില്‍ 13 ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ വംശജരുടെ സാന്നിധ്യമാണ് ഇത്തരം പ്രഖ്യാപനങ്ങള്‍ക്ക് കാരണം. വിസാ കാര്യങ്ങളിലും കുടിയേറ്റ വിഷയങ്ങളിലും കൂടുതല്‍ വിശാലമായ കാഴ്ചപ്പാടാണ് ബൈഡന്‍ മുന്നോട്ട് വയ്ക്കുന്നത്.

Top