ജോ ബൈഡന്‍ യുക്രെയിന്‍ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി

വാര്‍സ: യുക്രൈനിലെ ഉന്നതതല ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ശനിയാഴ്ച രണ്ട് യുക്രൈനിയന്‍ മന്ത്രിമാരുമായി വാര്‍സോയില്‍ വെച്ചാണ് ജോ ബൈഡന്‍ ചര്‍ച്ച നടത്തിയത്. റഷ്യയുടെ അധിനിവേശം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് അമേരിക്കന്‍ പ്രസിഡന്റ് യുക്രൈനിയന്‍ സര്‍ക്കാരുമായി നേരിട്ട് ചര്‍ച്ച നടത്തുന്നത്.

യുക്രെയിന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബയും പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നിക്കോവും യുക്രെയിനില്‍ നിന്ന് പോളണ്ടിലെത്തിയാണ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയത്.സിറ്റി സെന്ററിലെ മാരിയറ്റ് ഹോട്ടലില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. യുദ്ധം ആരംഭിച്ചത് മുതല്‍ യുക്രെയിന്‍ അഭയാര്‍ത്ഥിക പ്രവാഹമുള്ള വാര്‍സ ട്രെയിന്‍ സ്റ്റേഷന് എതിര്‍വശത്താണ് ചര്‍ച്ച നടന്ന ഹോട്ടല്‍. ഇവിടെയുള്ള അഭായര്‍ത്ഥികളുമായും ബൈഡന്‍ കൂടിക്കാഴ്ച നടത്തി. റഷ്യയുടെ ആക്രമണം ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഫെബ്രുവരി 22ന് വാഷിംഗ്ടണില്‍ വെച്ച് ബൈഡന്‍ കുലേബയെ കണ്ടിരുന്നു.

അതിനുശേഷം, മാര്‍ച്ച് 5-ന് പോളണ്ടില്‍ കുലേബ യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കെനുമായി കൂടിക്കാഴ്ച നടത്തി. യുക്രെയിന്‍ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പോളിഷ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.

Top